'റോക്കട്രി - ദി നമ്പി ഇഫക്ട്' കാൻ ഫെസ്റ്റിവലിലേക്ക്; വേൾഡ് പ്രീമിയർ മേയ് 19 ന്
|ഇന്ത്യയ്ക്ക് 'കൺട്രി ഓഫ് ഓണർ' ബഹുമതി;ഇതാദ്യമായാണ് ഒരു രാജ്യത്തെ ഇത്തരത്തിൽ ആദരിക്കുന്നത്
കൊച്ചി: ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൺ നമ്പി നാരായണൻറെ ജീവിതം സ്പദമാക്കിയ 'റോക്കട്രി-ദി നമ്പി ഇഫക്ടിന്റെ വേൾഡ് പ്രീമിയർ മേയ് 19ന് കാൻ ഫിലിം ഫെസ്റ്റിവലിൽ നടക്കും. രാജ്യത്തിന്റെ ഔദ്യോഗിക എൻട്രിയായാണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. ഇന്ത്യ-ഫ്രഞ്ച് നയതന്ത്ര സഹകരണം 75 വർഷം പിന്നിടുന്ന അവസരത്തിൽ ഫിലിം ഫെസ്റ്റിൽ ഇന്ത്യയ്ക്ക് 'കൺട്രി ഓഫ് ഓണർ' ബഹുമതി നൽകിയിട്ടുണ്ട്. ഇതാദ്യമായാണ് ഒരു രാജ്യത്തെ ഇത്തരത്തിൽ ആദരിക്കുന്നത്. ഇന്ത്യൻ സിനിമയെയും സംസ്കാരത്തെയും പാരമ്പര്യത്തെയും പരിചയപ്പെടുത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ആർ. മാധവൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. മാധവൻ തന്നെയാണ് നമ്പി നാരായണനായി അഭിനയിക്കുന്നതും.
ജൂലൈ ഒന്നിന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ മലയാളി വ്യവസായിയായ ഡോ. വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ച്ചേഴ്സും, ആർ. മാധവൻറെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെൻറ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
റോക്കട്രി കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത് ഏറെ അഭിമാനവും സന്തോഷവും നൽകുന്നുവെന്ന് നിർമാതാവ് വർഗീസ് മൂലൻ പറഞ്ഞു. നമ്പി നാരായണന്റെ ആത്മകഥ -'ഓർമകളുടെ ഭ്രമണപഥ'ത്തിന്റെ രചയിതാവും ക്യാപ്റ്റൻ, വെള്ളം തുടങ്ങിയസിനിമകളുടെ സംവിധായകനുമായ ജി. പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ്.
ഒരേ സമയം ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും ചിത്രം ചിത്രീകരിക്കുകയും മലയാളം, തെലുങ്ക് , കന്നഡ ഭാഷാകളിലേക്ക് മൊഴിമാറ്റുകയും ചെയ്തിട്ടുണ്ട്.അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. ചിത്രത്തിൽ ഷാരൂഖ് ഖാനും, സൂര്യയും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സിമ്രാനാണ് നായിക.
ഫിലിസ് ലോഗൻ,വിൻസന്റ് റിയോറ്റ, റോൺ ഡൊനാഷേ, തുടങ്ങിയ ഹോളിവുഡ് താരങ്ങളും രജിത് കപൂർ, രവി രാഘവേന്ദ്ര , മിഷ ഖോഷൽ, ഗുൽഷൻ ഗ്രോവർ, കാർത്തിക് കുമാർ, തുടങ്ങിയ ബോളിവുഡ് താരങ്ങളും മലയാളി താരം ദിനേഷ് പ്രഭാകറും പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യ, ഫ്രാൻസ്, അമേരിക്ക, കാനഡ, ജോർജിയ, സെർബിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പ്രമുഖ വിതരണ കമ്പനികളായ യുഎഫ്ഒ. യാഷ് രാജ് ഫിലിംസ്, എജിഎസ് സിനിമാസ്,, ഫാർസ് ഫിലിംസ് എന്നിവരാണ് റോക്കട്രീ തീയേറ്ററുകളിൽ എത്തിക്കുന്നത്.