ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് നല്‍കില്ലെന്ന് അറിയിപ്പ് ലഭിച്ചു, ഫിലിം ചേംബറിന് നന്ദി: എന്‍.എസ് മാധവന്‍
|ഹേമന്ത് നായർ സംവിധാനം ചെയ്യുന്ന, സുരാജും ധ്യാനും മുഖ്യകഥാപാത്രങ്ങളായി എത്തുന്ന സിനിമയ്ക്ക് എൻ.എസ് മാധവൻ വിജയാശംസകൾ നേർന്നു
ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പ് ലഭിച്ചെന്ന് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. ഫിലിം ചേംബറാണ് തന്നെ ഇക്കാര്യം അറിയിച്ചതെന്ന് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു. ഹേമന്ത് നായര്‍ സംവിധാനം ചെയ്യുന്ന, സുരാജും ധ്യാനും മുഖ്യകഥാപാത്രങ്ങളായി എത്തുന്ന സിനിമയ്ക്ക് അദ്ദേഹം വിജയാശംസകള്‍ നേരുകയും ചെയ്തു.
എൻ.എസ് മാധവന്റെ പ്രശസ്തമായ കഥയാണ് ഹിഗ്വിറ്റ. അതേ പേര് ഒരു സിനിമയ്ക്കു നല്‍കിയതിലെ ദുഃഖം അദ്ദേഹം നേരത്തെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു- "മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകള്‍ അവരുടെ സ്‌കൂള്‍ തലത്തില്‍ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെ ഒരു എഴുത്തുകാരനും എൻറയത്ര ക്ഷമിച്ചിരിക്കില്ല.എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദുഃഖകരമാണ്"
എന്നാല്‍ ഹിഗ്വിറ്റ എന്ന സിനിമയ്ക്ക് എന്‍.എസ് മാധവന്‍റെ കഥയുമായി ഒരു ബന്ധവുമില്ലെന്ന് സംവിധായകന്‍ ഹേമന്ദ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതോടെയാണ് വിവാദം തുടങ്ങിയത്. സിനിമയ്ക്ക് ആ പേര് ഉപയോഗിക്കില്ലെന്ന് ഉറപ്പു ലഭിച്ചു എന്നാണ് ഈ വിഷയത്തിലെ ഏറ്റവും ഒടുവിലത്തെ ട്വീറ്റില്‍ എന്‍.എസ് മാധവന്‍ പറയുന്നത്.
എന്‍.എസ് മാധവന്‍റെ ട്വീറ്റ്
"ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് അറിയിപ്പ് ലഭിച്ചു. കേരള ഫിലിം ചേംബറിന് നന്ദി. എല്ലാ പിന്തുണയ്ക്കും നന്ദി. യുവസംവിധായകൻ ഹേമന്ത് നായർക്കും അദ്ദേഹത്തിന്റെ സിനിമയ്ക്കും വിജയാശംസകൾ നേരുന്നു. സൂരജ്-ധ്യാൻ ചിത്രം കാണാൻ ആളുകൾ ഒഴുകിയെത്തട്ടെ"- എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.