"നഞ്ചിയമ്മ തന്നെയാണ് അവാർഡ് അർഹിക്കുന്നത്, എല്ലാത്തിന്‍റെയും സയൻസ് നോക്കാറില്ല"; ദുല്‍ഖര്‍ സല്‍മാന്‍
|താന്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് പാട്ട് പാടുന്നതെന്നും ലൈവില്‍ സുന്ദരിപെണ്ണേ പാടാന്‍ പറഞ്ഞാല്‍ പെട്ടുപോകുമെന്നും ദുല്‍ഖര്‍
കൊച്ചി: നഞ്ചിയമ്മയുടെ ദേശീയ പുരസ്‌കാരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. നഞ്ചിയമ്മ പാടിയ പാട്ടും അത് പാടിയ രീതിയും ഇഷ്ടമാണ്. എന്‍റെ മനസ്സില്‍ അത് ഒരു അവാര്‍ഡ് അര്‍ഹിക്കുന്നുണ്ട്. എല്ലാത്തിന്‍റെയും സയന്‍സ് നോക്കാന്‍ അറിയില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. താന്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് പാട്ട് പാടുന്നതെന്നും ലൈവില്‍ സുന്ദരിപെണ്ണേ പാടാന്‍ പറഞ്ഞാല്‍ പെട്ടുപോകുമെന്നും ദുല്‍ഖര്‍ പറഞ്ഞു. സീതാരാമം സിനിമയുടെ പ്രചരണത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.
ഹാനു രാഘവപുഡി സംവിധാനം ചെയ്ത 'സീതാരാമം' ഓഗസ്റ്റ് അഞ്ചിനാണ് പുറത്തിറങ്ങുക. തെലുഗ്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 1965ൽ റാം എന്ന പട്ടാളക്കാരനും സീത എന്ന പെൺകുട്ടിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് സിനിമ പറയുന്നത്. ദുൽഖർ സൽമാനും മൃണാൽ താക്കൂറുമാണ് റാം ആയും സീതയായും എത്തുന്നത്. വൈജയന്തി മൂവീസിന്‍റെ ബാനറിൽ അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേർന്നാണ് നിർമാണം. അഫ്രീൻ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി.എസ് വിനോദ് ആണ് ഛായാഗ്രഹണം. വിശാൽ ചന്ദ്രശേഖർ സംഗീതം നൽകുന്നു.