Entertainment
naseerudheen sha
Entertainment

'കേരള സ്‌റ്റോറി അപകടകരമായ ട്രന്റ്, കാണാൻ ഉദ്ദേശ്യമില്ല'; നിലപാട് വ്യക്തമാക്കി നസീറുദ്ദീൻ ഷാ

Web Desk
|
1 Jun 2023 7:09 AM GMT

"വിദ്വേഷത്തിന്റെ അന്തരീക്ഷം വൈകാതെ ഇല്ലാതായേക്കും. എന്നാലത് വേഗത്തില്‍ സംഭവിക്കില്ല"

മുംബൈ: സുദിപ്‌തോ സെൻ സംവിധാനം ചെയ്ത വിവാദ സിനിമ ദ കേരള സ്‌റ്റോറി കാണാനുള്ള ഉദ്ദേശ്യമില്ലെന്ന് വിഖ്യാത ബോളിവുഡ് താരം നസീറുദ്ദീൻ ഷാ. ചിത്രത്തെ കുറിച്ച് ഒരുപാട് വായിച്ചെന്നും സിനിമ മുമ്പോട്ടു വയ്ക്കുന്നത് അപകടരമായ ട്രന്റാണെന്നും ഷാ പറഞ്ഞു. ചിത്രത്തെ നാസി ജർമനിയിലെ പ്രവണതകളോടാണ് താരം താരതമ്യം ചെയ്തത്.

'ഭീദ്, അഫ്‌വ, ഫറാസ് തുടങ്ങിയ മൂല്യവത്തായ സിനിമകൾ തകർന്നു. അവയാരും കാണാൻ പോയില്ല. കേരള സ്‌റ്റോറി കാണാൻ കൂട്ടത്തോടെ പോകുകയാണ്. ഞാൻ കാണാൻ ഉദ്ദേശിക്കുന്നില്ല. ഹിറ്റ്‌ലറുടെ കാലത്ത് സിനിമാക്കാർ അദ്ദേഹത്തെ പ്രകീർത്തിക്കാനും ജനങ്ങൾക്ക് ചെയ്ത കാര്യങ്ങളെ വാഴ്ത്താനും ശ്രമിച്ചിരുന്നു. ജൂത സമുദായത്തെ ഇകഴ്ത്തിക്കാട്ടാനും ശ്രമമുണ്ടായി. ഇതോടെ ജർമനിയിലെ മാസ്റ്റർ ഫിലിംമേക്കേഴ്‌സ് ഹോളിവുഡിലേക്ക് ചേക്കേറി. അവിടെ സിനിമയുണ്ടാക്കി. ഇവിടെയും അതാണ് സംഭവിക്കുന്നത്.' - ഷാ പറഞ്ഞു.

വെറുപ്പിന്റെ അന്തരീക്ഷം മാറുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 'വിദ്വേഷത്തിന്റെ അന്തരീക്ഷം വൈകാതെ ഇല്ലാതായേക്കും. പെട്ടെന്ന് അത് നമ്മെ വിഴുങ്ങിയതു പോലെ അപ്രത്യക്ഷമാകും എന്നാണ് ഞാൻ കരുതുന്നത്. അത് വേഗത്തിലുണ്ടാകും എന്ന് പ്രതീക്ഷയില്ല.'- ഷാ വ്യക്തമാക്കി.

കേരളത്തിന് പുറത്ത് ബോക്‌സ് ഓഫീസിൽ വിജയം നേടിയ കേരള സ്റ്റോറിയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സീ 5 ആണ് ഹിന്ദി പതിപ്പിന്റെ അവകാശം വാങ്ങിയത് എന്നാണ് റിപ്പോർട്ട്. കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ മതം മാറ്റി ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നു എന്നാണ് ചിത്രം പറയുന്നത്. സിനിമ കേരളത്തില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Similar Posts