'ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ക്രൂരമായ തമാശയായി മാറി'; രൂക്ഷ വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ
|''നല്ലതെന്ന് നമ്മൾ വിശ്വസിക്കുന്ന സിനിമകളൊന്നും പട്ടികയിൽ വരുന്നില്ല. ദേശീയ പുരസ്‌കാരങ്ങൾക്ക് തെരഞ്ഞെടുക്കുന്ന സിനിമകളുടെ മാനദണ്ഡങ്ങൾ എന്താണെന്നുപോലും വ്യക്തമല്ല''
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ക്രൂരമായ തമാശയായി അധഃപതിച്ചുവെന്ന് ഇതിഹാസ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. നേരത്തെ, അറിയപ്പെടുന്ന സിനിമ സംവിധായകരും നാടക കലാകാരന്മാരും നിരൂപകരുമായിരുന്നു ജൂറിയിൽ ഉണ്ടായിരുന്നത്. ഇന്ന് ആ സ്ഥാനത്ത് അജ്ഞാത ജൂറിയാണ് ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ ജോൺ എബ്രഹാം പുരസ്‌കാരങ്ങൾ നൽകി സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
നല്ലതെന്ന് നമ്മൾ വിശ്വസിക്കുന്ന സിനിമകളൊന്നും പട്ടികയിൽ വരുന്നില്ല. ദേശീയ പുരസ്‌കാരങ്ങൾക്ക് തെരഞ്ഞെടുക്കുന്ന സിനിമകളുടെ മാനദണ്ഡങ്ങൾ എന്താണെന്നുപോലും വ്യക്തമല്ല. ജൂറി ചെയർമാനെപോലും ഇതിനു മുമ്പ് കേട്ടിട്ടില്ല. തട്ടുപൊളിപ്പൻ സിനിമകളാണ് അവർക്ക് മികച്ച സിനിമ. എന്തുകൊണ്ടാണ് അവർ ജൂറി ആകുന്നതെന്നും ആ സിനിമകൾക്ക് എന്തുകൊണ്ടാണ് അവാർഡ് കൊടുക്കുന്നതെന്നും നമുക്കറിയാം. ഇത് അന്യായമാണ് എന്നേ പറയാനുള്ളൂ. കേരളത്തെ എല്ലാ രംഗത്തുനിന്നും പുറന്തള്ളാൻ ശ്രമം നടക്കുകയാണെന്നും അടൂർ ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
''ജൂറിയിലെ ഭൂരിഭാഗം അംഗങ്ങളും ബോളിവുഡ് സിനിമകളുടെ ആരാധകരാണ്. ഒരു പ്രമുഖ ബോളിവുഡ് താരം തന്റെ ഫോൺ കോൾ എടുത്തെന്ന് അഭിമാനത്തോടെ വീമ്പിളക്കിയ ഒരു മുൻ കേന്ദ്ര മന്ത്രിയുണ്ടായിരുന്നു. അതിനിടയിൽ ഡൽഹിയിലുള്ള ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, രണ്ട് സിനിമകൾ മാത്രം കണ്ട് പല ജൂറി അംഗങ്ങളും മടുത്തു. സിനിമ കാണാത്തവരും സിനിമയെക്കുറിച്ച് ഒന്നും മനസ്സിലാക്കാത്തവരുമാണ് ചിലർക്ക് അവാർഡ് നൽകുന്നത്,''- അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഇതെല്ലാം തന്റെ ആശയങ്ങൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.