'ഇനിയുമൊരു നജീബ് ഉണ്ടാവരുതേ എന്ന് ഈ വിശുദ്ധമാസത്തില്‍ പ്രാര്‍ഥിച്ചു പോകുന്നു'; ആടുജീവിതത്തില്‍ വൈകാരിക കുറിപ്പുമായി നവ്യാ നായര്‍
|പല നിമിഷങ്ങളിലും നജീബിക്കയല്ലേ ഇത് എന്ന് തോന്നിപോകും വിധം പൃഥ്വിരാജ് അതിശയിപ്പിച്ചു
പുറത്തിറങ്ങി ഒമ്പത് ദിവസം കൊണ്ട് നൂറു കോടി ക്ലബ്ബില്‍ ഇടം നേടിയ ആടുജീവിതം സിനിമയെ പ്രശംസിച്ച് വൈകാരിക കുറിപ്പുമായി നടി നവ്യ നായര്‍. ഇനിയുമൊരു നജീബ് ഉണ്ടാവരുതേ എന്ന് ഈ വിശുദ്ധമാസത്തില്‍ പ്രാര്‍ഥിച്ചു പോകുകയാണെന്ന് നടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. സിനിമയുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിനന്ദിച്ചാണ് നവ്യയുടെ കുറിപ്പ്.
നജീബ് എന്ന കഥാപാത്രമായ പൃഥിരാജിനൊപ്പം മുന്‍പ് അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്നും ഈ കഥാപാത്രത്തിന് വേണ്ടി അദ്ദേഹം നടത്തിയ സമര്‍പ്പണം വരും തലമുറയിലെ അഭിനേതാക്കള്‍ക്ക് ഒരു പാഠമാണെന്നും നവ്യ പറയുന്നു. മലയാളിക്ക് അഭിമാനിക്കാവുന്ന ചിത്രം സമ്മാനിച്ചതില്‍ സംവിധായകന്‍ ബ്ലെസിയോട് നവ്യ നന്ദിയറിയിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം....
ആടുജീവിതം..
ഇതൊരു മനുഷ്യന്‍ ജീവിച്ചുതീര്‍ത്ത ജീവിതമാണെന്നോര്‍ക്കുമ്പോള്‍.. നജീബിക്കാ ..
പുസ്തകം വായിച്ചപ്പോള്‍ തന്നെ ഹൃദയംപിടഞ്ഞിരുന്നു , ബെന്യാമെന്‍ എന്ന എഴുത്തുകാരനെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.. പക്ഷേ ഇപ്പോള്‍ സിനിമ കണ്ടിറങ്ങി അനുഭവിക്കുന്ന ഭാരം , ഇനിയുമൊരു നജീബ് ഉണ്ടാവരുതേ എന്ന് ഈ വിശുദ്ധമാസത്തില്‍ പ്രാര്‍ഥിച്ചു പോകുന്നു ..
രാജു ചേട്ടാ (പൃഥ്വിരാജ് സുകുമാരന്‍) , നിങ്ങളുടെ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഇപ്പോള്‍ ഭാഗ്യമായി കരുതുന്നു.. പല നിമിഷങ്ങളിലും നജീബിക്കയല്ലേ ഇത് എന്ന് തോന്നിപോകുംവിധം അതിശയിപ്പിച്ചു.. സിനിമ തീര്‍ന്നിട്ടും ഉള്ളിലൊരു ദാഹം നിലനിന്നു , അത് നജീബിന്റെ കണ്ണിലും തൊണ്ടയിലും ഞരങ്ങലുകളിലും നിങ്ങളെന്ന നടന്റെ അഭിനയം തീര്‍ത്ത വിസ്മയമാണ്.. ഈ കഥാപാത്രത്തിന് വേണ്ടി നിങ്ങള്‍ നടത്തിയ സമര്‍പ്പണം വരും തലമുറയിലെ അഭിനേതാക്കള്‍ക്ക് ഒരു പാഠമാണെന്ന് നിസംശയം ഒരു എളിയ അഭിനയത്രി എന്ന നിലയ്ക്ക് പറയട്ടെ ..
ഹക്കീം ആയി ഗോകുല്‍ ഉം , ഇബ്രാഹിം ഖാദ്രി ആയി ജിമ്മി ജീന്‍ ലൂയിയും മനസ്സ് കീഴടക്കി .. പെരിയോനെ റഹ്മാനെ പെരിയോനേ റഹീം , ഈ പാട്ടിന്റെ മാന്ത്രികതയാണ് ആ മണലാരണ്യത്തിലെ നമ്മുടെ പ്രതീക്ഷ, അതേ ഏതു ബുദ്ധിമുട്ടിലും ദൈവം നമ്മുടെ കൂടെ ഉണ്ട് എന്ന പ്രതീക്ഷ , അത് ഓരോ നിമിഷവും ഊട്ടിയുറപ്പിച്ച ഈ പാട്ടിന്റെ ഉടയോനെയും (എ ആര്‍ റഹ്മാന്‍) നമസ്‌കരിക്കുന്നു..
മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ സമ്മാനിച്ചതില്‍ നന്ദി ????
ബ്ലെസി എന്ന സംവിധായകനോട് വീണ്ടും വീണ്ടും ബഹുമാനം മാത്രം ..