'നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'; വിവാദങ്ങൾക്കിടെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി നവ്യ നായർ
|സച്ചിൻ സാവന്തുമായി ബന്ധപ്പെട്ട കേസിൽ നവ്യയെ ഇഡി ചോദ്യം ചെയ്ത വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ഐ.ആർ.എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ അനധികൃത സ്വത്തു സമ്പാദനക്കേസിൽ ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി നടി നവ്യാ നായർ. നൃത്തത്തെ കുറിച്ച് റൂമിയുടെ ഉദ്ധരണി സഹിതമുള്ള ഡാൻസ് വീഡിയോ ആണ് നവ്യ പങ്കുവച്ചത്. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ്.
'നിങ്ങൾ തകർന്നിരിക്കുമ്പോൾ വിടർന്നു നൃത്തം ചെയ്യൂ. നൃത്തം ചെയ്യൂ, മുറിവുകളിലെ തുന്നിക്കെട്ടുകൾ വലിച്ചുകീറുമ്പോൾ. പോർമധ്യത്തിലും നൃത്തം ചെയ്യൂ. നിങ്ങളുടെ രക്തം കൊണ്ട് നൃത്തം ചെയ്യൂ' - എന്ന ജലാലുദ്ദീൻ റൂമിയുടെ ഉദ്ധരണിയാണ് വീഡിയോക്ക് ഒപ്പം ചേർത്തിട്ടുള്ളത്.
സച്ചിൻ സാവന്തുമായി ബന്ധപ്പെട്ട കേസിൽ നവ്യയെ ഇഡി ചോദ്യം ചെയ്ത വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സച്ചിനിൽ നിന്ന് നവ്യ ആഭരണങ്ങൾ കൈപറ്റിയതായി ഇഡി പറയുന്നു. എന്നാൽ സമ്മാനങ്ങൾ കൈപറ്റി എന്നതടക്കമുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നടി മീഡിയവണിനോട് പ്രതികരിച്ചിരുന്നു.
ലഖ്‌നൗവിൽ കസ്റ്റംസ് അഡീഷണൽ കമ്മിഷണർ ആയിരിക്കെ കള്ളപ്പണക്കേസിൽ ജൂണിലാണ് സച്ചിൻ സാവന്തിനെ ഇഡി അറസ്റ്റു ചെയ്തത്. മുംബൈ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ ഡപ്യൂട്ടി ഡയറക്ടർ ആയിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തിലായിരുന്നു അറസ്റ്റ്. വാട്‌സാപ് ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നവ്യാ നായരുമായുള്ള സൗഹൃദം ഇഡി കണ്ടെത്തിയത്.
ആരാണ് സച്ചിൻ സാവന്ത്
2008 ബാച്ചിലാണ് സച്ചിൻ സാവന്ത് ഐ.ആർ.എസിലെത്തുന്നത്. ഇതേ വർഷം തന്നെ കേന്ദ്ര കസ്റ്റംസ് വിഭാഗത്തിൽ അഡിഷനൽ കമ്മിഷണറായി നിയമിതനായി. 2010ൽ മുംബൈയിലെ കസ്റ്റംസ് വിഭാഗത്തിൽ ജോയിന്റ് കമ്മിഷണറുമായി. 15 വർഷം നീണ്ടുനിൽക്കുന്ന സർവീസിൽ മുംബൈയിലും ലഖ്നൗവിലും അടക്കം സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്.
2017ലാണ് ഇ.ഡിയുടെ മുംബൈ സോൺ ഡെപ്യൂട്ടി ഡയരക്ടറാകുന്നത്. 2019 വരെ ഈ സ്ഥാനത്തു തുടർന്നു. ഈ കാലയളവിൽ മുംബൈയിലെ പ്രമുഖർ ഉൾപ്പെട്ട കള്ളപ്പണക്കേസുകൾക്കും സാമ്പത്തിക തട്ടിപ്പുകേസുകൾക്കുമാണ് സച്ചിൻ മേൽനോട്ടം വഹിച്ചത്.
2020ൽ ഉദ്ധവ് താക്കറെ സർക്കാരിൽ ഒരു മന്ത്രിയുടെ സ്പെഷൽ ഡ്യൂട്ടി ഓഫിസറായും പ്രവർത്തിച്ചു. പിന്നീടാണ് ലഖ്നൗവിലെ ജി.എസ്.ടി വിഭാഗത്തിലേക്കു സ്ഥലംമാറ്റം ലഭിക്കുന്നത്. ലഖ്നൗ കസ്റ്റംസ് ആൻഡ് ജി.എസ്.ടി ഡയരക്ടറേറ്റിന്റെ ചുമതലയിലിരിക്കെയാണ് ഇക്കഴിഞ്ഞ ജൂണിൽ കള്ളപ്പണക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്.
നവ്യയുമായി എന്തു ബന്ധം?
സച്ചിൻ സാവന്തും കുടുംബവും അനധികൃതമായി 2.46 കോടി രൂപയുടെ സ്വത്ത് സ്വന്തമാക്കിയെന്നാണ് കേസ്. സർക്കാർ സർവീസിലിരിക്കെയാണു സ്രോതസ് വെളിപ്പെടുത്താനാകാത്ത സ്വത്ത് സ്വന്തമാക്കിയതെന്ന സി.ബി.ഐ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ കേസെടുത്ത് സാവന്തിനെ അറസ്റ്റ് ചെയ്തത്. കേസിൽ മുംബൈയിലെ പ്രത്യേക കോടതിയിൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
2011ൽ 1.4 ലക്ഷത്തിന്റെ ആസ്തി 2022 ആകുമ്പോഴേക്കും 2.1 കോടി ആയി കുത്തനെ ഉയർന്നതാണ് അന്വേഷണത്തിലേക്കു നയിച്ചത്. നവി മുംബൈയിലെ ഫ്ളാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് ദുരൂഹമായ ഇടപാട് നടന്നതായും അന്വേഷണസംഘം കണ്ടെത്തി. തുടർന്ന് സാവന്തിന്റെ മുംബൈയിലെയും ലഖ്നൗവിലെയും വസതികളിൽ ഇ.ഡി റെയ്ഡ് നടത്തി. പിന്നാലെയായിരുന്നു അറസ്റ്റ്.
സെവൻ ഹിൽസ് കോൺസ്ട്രോവെൽ ഇന്ത്യ എന്ന പേരിലുള്ള ഒരു കമ്പനിയുടെ പേരിലാണ് നവി മുംബൈയിലെ ഫ്ളാറ്റ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സാവന്തിന്റെ പിതാവും സഹോദരനുമാണ് കമ്പനിയുടെ ഡയരക്ടർമാർ. റിട്ട. പൊലീസ് ഓഫിസറാണ് സാവന്തിന്റെ പിതാവ്. ബിനാമി കമ്പനിയാണ് സെവൻ ഹിൽസ് എന്നും ഇതിന്റെ മറവിൽ ലോണെടുക്കുകയും നിരവധി പേഴ്സണൽ അക്കൗണ്ടുകളിലേക്ക് ഇടപാട് നടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
ദാദർ ഈസ്റ്റിലെ ഒരു ഇടത്തരം ഫ്ളാറ്റിലെ വിലാസത്തിലാണ് സെവൻ ഹിൽസ് രജിസ്റ്റർ ചെയ്തിരുന്നത്. അവസാനമായി 2018-19 കാലയളവിലാണ് കമ്പനിയുടെ പേരിൽ നികുതി അടച്ചതെന്നും കണ്ടെത്തി. സാവന്തിന്റെ ഉടമസ്ഥതയിൽ ബി.എം.ഡബ്ല്യു ഉൾപ്പെടെയുള്ള ആഡംബര കാറുകളും വിലപിടിപ്പുള്ള വസ്തുക്കളുമെല്ലാമുണ്ടെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇക്കൂട്ടത്തിലാണ് നവ്യാ നായരുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും ഫോൺ കോൾ രേഖകളും അന്വേഷണസംഘം കണ്ടെത്തിയത്. തുടർന്ന് സാവന്തിനെ ചോദ്യംചെയ്തതിൽനിന്ന് നവ്യയുമായി സൗഹൃദമുണ്ടെന്നും സ്വർണാഭരണങ്ങളടക്കം വിലപിടിപ്പുള്ള നിരവധി സാധനങ്ങൾ നടിക്കു സമ്മാനിച്ചിട്ടുണ്ടെന്നും സമ്മതിച്ചതായാണു പുറത്തുവരുന്ന റിപ്പോർട്ട്. നവ്യയെ കാണാൻ പത്തോളം തവണ സാവന്ത് കൊച്ചിയിലെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.