വിലക്ക് നേരിട്ടിട്ടുണ്ട്, അന്ന് 'അമ്മ'യും ചേർന്നാണ് വിലക്കിയത്: നവ്യാ നായർ
|"ആ വിലക്കിന് ശേഷമാണ് എനിക്ക് പറയാനുള്ളതെന്തെന്ന് കേട്ടത് പോലും. പിന്നീട് പരാതി കള്ളമാണെന്ന് തെളിഞ്ഞു"
ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കും സിനിമായ സംഘടകനകൾ നൽകിയ വിലക്ക് സംബന്ധിച്ചുള്ള വാർത്തകൾക്കിടെ താൻ നേരിട്ട വിലക്കിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി നവ്യാ നായർ. പ്രതിഫലം കൂട്ടി ചോദിച്ചു എന്ന പരാതിയിൽ താൻ വിലക്ക് നേരിട്ടുവെന്നും അന്ന് അമ്മയും ചേർന്നാണ് തന്നെ വിലക്കിയതെന്നും മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ നടി വെളിപ്പെടുത്തി.
"വിലക്ക് ഞാനും നേരിട്ടിട്ടുണ്ട്. പട്ടണത്തിൽ സുന്ദരൻ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ആയിരുന്നു അത്. പ്രതിഫലം കൂട്ടി ചോദിച്ചു എന്ന പേരിൽ സിനിമയുടെ നിർമാതാവ് എനിക്കെതിരെ പരാതി നൽകി. അന്ന് അമ്മയും ചേർന്നാണ് വിലക്കിയത്. ആ വിലക്കിന് ശേഷമാണ് എനിക്ക് പറയാനുള്ളതെന്തെന്ന് കേട്ടത് പോലും. പിന്നീട് പരാതി കള്ളമാണെന്ന് തെളിഞ്ഞു. വിലക്ക് നീക്കി. ആ സമയത്ത് ബാൻഡ് ക്വീൻ എന്നൊക്കെ വിളിച്ച് ആളുകൾ കളിയാക്കിയിരുന്നു". നവ്യ പറഞ്ഞു.
സിനിമാ താരങ്ങളിലെ ലഹരി ഉപയോഗത്തോട് വ്യക്തിപരമായി തനിക്ക് യോജിപ്പില്ലെന്നറിയിച്ച നവ്യ, പണ്ടത്തെ പ്രഗല്ഭരായ അഭിനേതാക്കൾ ആരും തന്നെ ലഹരി ഉപയോഗിച്ചല്ല അഭിനയിച്ചിരുന്നതെന്നും അച്ചടക്കം ഒരു അഭിനേതാവിന് അത്യന്താപേക്ഷിതമാണെന്നും കൂട്ടിച്ചേർത്തു.