''ജനങ്ങള്‍ക്ക് കഴിക്കാന്‍ ഭക്ഷണമില്ല,നിങ്ങള്‍ പണം വെള്ളം പോലെ ചെലവഴിക്കുന്നു, നാണമുണ്ടോ? അവധിയാഘോഷിക്കുന്ന താരങ്ങള്‍ക്കെതിരെ നവാസുദ്ദീന്‍ സിദ്ധിഖി
|ലോകം ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോഴാണ് സിനിമാതാരങ്ങള്‍ തങ്ങളുടെ അവധിയാഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത്
കോവിഡ് രണ്ടാം തരംഗത്തില്‍ ലോകമാകെ ആടിയുലഞ്ഞുകൊണ്ടിരിക്കുകയാണ്. കോവിഡ് മരണങ്ങള് കൂടിക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ പ്രതിദിനം മൂന്നു ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതൊന്നും അറിയാത്ത ചിലരും നമ്മുടെ രാജ്യത്തുണ്ട്. രാജ്യം കോവിഡില്‍ തകര്ന്നുകൊണ്ടിരിക്കുമ്പോള് വിദേശത്ത് പോയി അവധിയാഘോഷിക്കുകയാണ് പല താരങ്ങള്‍. മാലിദ്വീപാണ് പലരുടെയും ഇഷ്ടസ്ഥലം. അനവസരത്തിലുള്ള സിനിമാക്കാരുടെ അവധിയാഘോഷങ്ങള്ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ധിഖി.
ലോകം ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോഴാണ് സിനിമാതാരങ്ങള്‍ തങ്ങളുടെ അവധിയാഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ജനങ്ങള്‍ക്ക് കഴിക്കാന്‍ ഭക്ഷണമില്ല, നിങ്ങള്‍ പണം വെള്ളം പോലെ ചെലവഴിക്കുന്നു. കുറച്ചെങ്കിലും നാണം വേണമെന്നും സിദ്ധിഖി ബോളിവുഡ് ഹംഗാമക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇവരെല്ലാം മാലിദ്വീപിനെ ഒരു തമാശയാക്കി വച്ചിരിക്കുകയാണ്. എനിക്കറിയില്ല ടൂറിസം ഇന്‍ഡസ്ട്രിയുമായി എന്ത് ഏര്‍പ്പാടാണ് ഉള്ളതെന്ന്. പക്ഷെ മനുഷ്യത്വം ഓര്‍ത്ത് നിങ്ങളുടെ അവധിയാഘോഷങ്ങള്‍ നിങ്ങളുടേത് മാത്രമാക്കി വയ്ക്കൂ. എല്ലായിടത്തും ആളുകള്‍ ക്ലേശമനുഭവിക്കുകയാണ്. കോവിഡ് കേസുകള്‍ ഇരട്ടിക്കുകയാണ്. ഒരു മനസുണ്ടാകണം. ദുഃഖം അനുഭവിക്കുന്നവരെ ആക്ഷേപിക്കരുത്', നവാസുദ്ദീന്‍ സിദ്ധിഖി പറഞ്ഞു.