Entertainment
തെന്നിന്ത്യന്‍ സിനിമകള്‍ കാണാറില്ല; ബോളിവുഡിലെ പുഷ്പ, കെ.ജി.എഫ് മാനിയയെക്കുറിച്ച് നവാസുദ്ദീന്‍ സിദ്ദിഖി
Entertainment

തെന്നിന്ത്യന്‍ സിനിമകള്‍ കാണാറില്ല; ബോളിവുഡിലെ പുഷ്പ, കെ.ജി.എഫ് മാനിയയെക്കുറിച്ച് നവാസുദ്ദീന്‍ സിദ്ദിഖി

Web Desk
|
30 April 2022 2:51 AM GMT

ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖിയുടെ തുറന്നു പറച്ചില്‍

മുന്‍കാലങ്ങളെ അപേക്ഷിച്ച് ബോളിവുഡില്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ തരംഗമാണ്. മൊഴിമാറ്റിയെത്തുന്ന ചിത്രങ്ങള്‍ ബി ടൗണിലെ ബോക്സോഫീസുകള്‍ കീഴടക്കുകയാണ്. പുഷ്പ, ആര്‍.ആര്‍.ആര്‍,കെജിഎഫ് ചാപ്റ്റര്‍ 2 തുടങ്ങിയ ചിത്രങ്ങള്‍ മികച്ച വിജയമാണ് നേടിയത്. നിലവിലെ തെന്നിന്ത്യന്‍ സിനിമ മാനിയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖിയുടെ തുറന്നു പറച്ചില്‍.

തെന്നിന്ത്യന്‍ സിനിമകളൊന്നും താന്‍ കാണാറില്ലെന്നായിരുന്നു സിദ്ദിഖി പറഞ്ഞത്.''സത്യം പറയാമല്ലോ ഞാന്‍ ദക്ഷിണേന്ത്യന്‍ സിനിമകളൊന്നും കാണാറില്ല. തെന്നിന്ത്യന്‍ സിനിമകളെന്നല്ല, വാണിജ്യ സിനിമകളൊന്നും കാണാറില്ല. നല്ല തിരക്കാണ്. സിനിമകൾ കാണാൻ സമയം കിട്ടാറില്ല. അതുകൊണ്ട് ഈ സിനിമകളുടെ വിജയത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ല'' നടന്‍ വ്യക്തമാക്കി.

ഏതെങ്കിലും സിനിമ വിജയിക്കുമ്പോള്‍ അതിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ഉദാഹരണത്തിന്, ഒരു സിനിമ ഹിറ്റാകുമ്പോൾ നിങ്ങളുടെ അടുത്തെത്തുന്ന തിരക്കഥകൾ ആ സിനിമയുടെ പ്രതിഫലനമാണ്. ഹിറ്റായ സിനിമയുടെ അതേ ഭാഷയിൽ നമ്മൾ സംസാരിക്കാൻ തുടങ്ങും വിധം അതു സ്വാധീനം ചെലുത്തുന്നു. സമാനമായ തിരക്കഥകള്‍, പ്രമേയങ്ങള്‍ എന്നിവയാണ് ലഭിക്കുന്നത്. അതെനിക്ക് വളരെ വിചിത്രമായി തോന്നാറുണ്ട്. ഇതിന്‍റെയെല്ലാം നല്ല ഭാഗം പ്രേക്ഷകർ തിയറ്ററുകളിലേക്ക് വരുന്നു എന്നതാണ്. ഞങ്ങൾ എന്താണ് വാഗ്ദാനം ചെയ്യുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.അത് ഏത് സിനിമയിലൂടെയുമാകാം. അങ്ങനെ നോക്കുകയാണെങ്കില്‍, ഞാനും അത്തരം സിനിമകൾ ചെയ്യാറുണ്ട്, പക്ഷേ ആ ഗണത്തില്‍ പെടുന്ന സിനിമകൾ ഞാൻ കാണാറില്ല, അത് എന്നെയും അത്ഭുതപ്പെടുത്തുന്നു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് എനിക്ക് ഇതുവരെയും മനസിലായിട്ടില്ല...സിദ്ദിഖി പറയുന്നു.

Similar Posts