നയന്‍താര-വിഘ്നേഷ് വിവാഹം: മനുഷ്യാവകാശ കമ്മീഷനില്‍ പരാതി
|ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജൂൺ ഒമ്പതിന് മഹാബലിപുരത്തെ റിസോർട്ടിലായിരുന്നു വിഘ്‌നേശിന്റെയും നയൻതാരയുടെയും വിവാഹം
ചെന്നൈ: നയന്‍താര-വിഘ്നേഷ് ശിവന്‍ വിവാഹത്തോടനുബന്ധിച്ച് വേദിക്കു സമീപം കടുത്ത മനുഷ്യാവകാശ ലംഘനം നടന്നെന്ന പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു.
ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജൂൺ ഒമ്പതിന് മഹാബലിപുരത്തെ റിസോർട്ടിലായിരുന്നു വിഘ്‌നേശിന്റെയും നയൻതാരയുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം സാധാരണക്കാര്‍ ഏറെ ബുദ്ധിമുട്ടിയെന്നും പൊതു സ്ഥലമായ ബീച്ചിലേക്കു പോലും പ്രവേശനം അനുവദിച്ചിട്ടില്ലെന്നും സാമൂഹിക പ്രവര്‍ത്തകനായ ശരവണന്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. വിവാഹ വേദിക്ക് ചുറ്റും നൂറിലധികം സുരക്ഷാ ജീവനക്കാരെ വിന്യസിച്ചിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. പരാതി ഫയലില്‍ സ്വീകരിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉടന്‍ വാദം കേള്‍ക്കും.
2015 'നാനും റൗഡിതാൻ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ വെച്ചാണ് നയൻസും വിക്കിയും പരിചയപ്പെടുന്നത്. ചിത്രത്തിന്‍റെ സംവിധായകനായിരുന്നു വിഘ്‌നേശ്. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. വിഘ്‌നേശിന്‍റെ സംവിധാനത്തിൽ ഈയിടെ തിയറ്ററുകളിലെത്തിയ കാത്തുവാക്കുല രണ്ടു കാതൽ എന്ന ചിത്രത്തിലെ നായികയും നയൻതാരയായിരുന്നു.