ക്ഷേത്രത്തിൽ ചെരുപ്പിട്ടു കയറി; വിവാഹത്തിന് പിന്നാലെ വിവാദത്തിൽ അകപ്പെട്ട് നയൻതാര
|വിവാഹം കഴിഞ്ഞ തൊട്ടടുത്ത ദിവസമാണ് നവദമ്പതികൾ തിരുപ്പതിയില്‍ ക്ഷേത്രദർശനത്തിനെത്തിയത്.
ചെന്നൈ: വിവാഹത്തിന് പിന്നാലെ ഭർത്താവ് വിഘ്‌നേശ് ശിവനൊപ്പം കോളിവുഡ് സൂപ്പർ താരം നയൻതാര തിരുപ്പതിയിൽ നടത്തിയ ക്ഷേത്ര ദർശനം വിവാദത്തിൽ. ക്ഷേത്രത്തിനകത്ത് ചെരുപ്പിട്ടു കയറിയതും ഫോട്ടോ എടുത്തതുമാണ് വിവാദമായത്. ഇതിനെതിരെ തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡ് ചീഫ് വിജിലൻസ് സുരക്ഷാ ഉദ്യോഗസ്ഥൻ രംഗത്തു വന്നു.
'അവർ (നയൻതാര) ക്ഷേത്രത്തിനകത്ത് ചെരുപ്പുപയോഗിച്ചു. ഞങ്ങളുടെ സുരക്ഷാ വിഭാഗം ഉടൻ ഇടപെട്ടു. ക്ഷേത്ര സമുച്ചയത്തിനകത്തു വച്ച് അവർ ഫോട്ടോ ഷൂട്ടും നടത്തി. അതും നിരോധിക്കപ്പെട്ടതാണ്. ക്ഷേത്രത്തിനകത്ത് സ്വകാര്യക്യാമറകൾ അനുവദിക്കാറില്ല'- അദ്ദേഹം പറഞ്ഞു. നടിക്ക് ഉടൻ നോട്ടീസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ വിഘ്‌നേശ് ശിവൻ ഖേദം പ്രകടിപ്പിച്ചു. തങ്ങൾ ഭക്തരാണ് എന്നും പ്രവൃത്തി കൊണ്ട് ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മഹാബലിപുരത്തെ സ്വകാര്യ റിസോർട്ടിൽ നടന്ന അത്യാഡംബര ചടങ്ങിൽ വ്യാഴാഴ്ചയാണ് നയൻതാരയും വിഘ്‌നേശും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. രജനീകാന്ത്, ഷാറൂഖ് ഖാൻ, സംവിധായകൻ ആറ്റ്‌ലി, മുഖ്യമന്ത്രി സ്റ്റാലിൻ തുടങ്ങിയവർ വിവാഹത്തിനെത്തിയിരുന്നു.
വിവാഹം കഴിഞ്ഞ തൊട്ടടുത്ത ദിവസമാണ് നവദമ്പതികൾ ക്ഷേത്രദർശനത്തിനെത്തിയത്. 2015 നാനും റൗഡിതാൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് നയൻസും വിക്കിയും പരിചയപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്നേഷ്. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. വിഘ്നേഷിന്റെ സംവിധാനത്തിൽ ഈയിടെ തിയറ്ററുകളിലെത്തിയ കാത്തുവാക്കുല രണ്ടു കാതൽ എന്ന ചിത്രത്തിലെ നായികയും നയൻതാരയായിരുന്നു.
മലയാളിയായ ഡയാന കുര്യൻ എന്ന നയൻതാര സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് തമിഴിലേക്ക് ചുവടു മാറ്റിയ താരം ചന്ദ്രമുഖി എന്ന ചിത്രത്തിൽ രജനീകാന്തിന്റെ നായികയായതോടെയാണ് നടിയുടെ സിനിമാജീവിതം തന്നെ മാറിമറിയുന്നത്.
തമിഴിലെയും തെലുങ്കിലെയും മുൻനിര നായകൻമാരുടെയെല്ലാം നായികയാകാൻ നയൻസിന് സാധിച്ചു. ഗ്ലാമറസ് റോളുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന എന്ന വിമർശനം ഉണ്ടായെങ്കിലും പിന്നീട് അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ തന്റെ താരപദവി നയൻസ് തിരിച്ചുപിടിച്ചു. അൽഫോൻസ് പുത്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ഗോൾഡാണ് നയൻസിന്റെ ഉടൻ പുറത്തിറങ്ങാൻ പോകുന്ന മലയാള ചിത്രം.