നടി തൃഷക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; മൻസൂർ അലി ഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ
|അയാൾക്കൊപ്പം ഒരിക്കലും അഭിനയിക്കില്ലെന്നും അയാൾ മനുഷ്യരാശിക്ക് തന്നെ അപമാനമെന്നുമായിരുന്നു തൃഷ പ്രതികരിച്ചത്
ന്യൂഡൽഹി: നടി തൃഷയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. നടൻ മൻസൂർ അലി ഖാന് എതിരെയാണ് കേസ് എടുത്തത്.
ലിയോയിൽ തൃഷയുണ്ടെന്ന് അറിഞ്ഞപ്പോൾ തനിക്കൊപ്പം ഒരു ബെഡ്‌റൂം സീൻ എങ്കിലും കാണുമെന്ന് പ്രതീക്ഷിച്ചുവന്നും അതുണ്ടായില്ലെന്നുമായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്മീറ്റിൽ മൻസൂർ അലിഖാന്റെ പരാമർശം. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് പ്രതീക്ഷിച്ചതെന്നും പക്ഷേ സെറ്റിൽ തൃഷയെ ഒന്ന് കാണാൻ പോലുമായില്ലെന്നും മൻസൂർ പറഞ്ഞിരുന്നു.
ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മൻസൂർ അലി ഖാൻ തനിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ രൂക്ഷമായി പ്രതികരിച്ച് തൃഷയും രംഗത്തെത്തിയിരുന്നു.. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മൻസൂർ എന്നും അയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്‌പേസ് പങ്കിടില്ലെന്നും തൃഷ എക്‌സിൽ കുറിച്ചു.
"എന്നെക്കുറിച്ച് മൻസൂർ അലി ഖാൻ മോശവും അശ്ലീലവുമായ രീതിയിൽ സംസാരിക്കുന്ന വീഡിയോ കാണാനിടയായി. സെക്‌സിസ്റ്റും, തീരെ മര്യാദയില്ലാത്തതും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതുമായ പ്രസ്താവനയാണിത്. അയാൾക്ക് ആഗ്രഹിക്കാം, പക്ഷേ അത്രത്തോളം അധഃപതിച്ച ഒരാൾക്കൊപ്പം സ്‌ക്രീൻ പങ്കിടാത്തതിൽ എന്നെന്നും കടപ്പെട്ടിരിക്കും. അയാൾക്കൊപ്പം ഒരു സിനിമ ഉണ്ടാകാതിരിക്കാൻ ഏറ്റവുമധികം ശ്രദ്ധിക്കുകയും ചെയ്യും. അയാൾ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്". തൃഷ കുറിച്ചു.
ഗായിക ചിൻമയി ശ്രീപദ, ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജ് എന്നിവരടക്കമുള്ളവര്‍ മൻസൂറിനെതിരെ രംഗത്തു വന്നിരുന്നു. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണമെന്നും സഹപ്രവർത്തകരോടാകട്ടെ മറ്റ് പ്രഫഷണലുകളോടാവട്ടെ, അതിലൊരു വിട്ടു വീഴ്ചയും ഉണ്ടാവരുതെന്നുമായിരുന്നു തൃഷയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് ലോകേഷിന്റെ പ്രതികരണം. അതേസമയം, തന്‍റെ പരാമര്‍ശം വളച്ചൊടിക്കുകയായിരുന്നെന്നാണ് മന്‍സൂര്‍ അലിഖാന്‍ പ്രതികരിച്ചത്.