നെടുമുടി വേണു മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ പ്രതീകം: കമല്‍
|ഒരുപാട് കഥാപാത്രങ്ങളെ ബാക്കിവെച്ചാണ് നെടുമുടി വേണു വിടവാങ്ങിയത്. ഈ വിയോഗം വ്യക്തിപരമായി തീരാനഷ്ടമാണെന്നും കമല്‍ പറഞ്ഞു.
മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ പ്രതീകമാണ് നെടുമുടി വേണുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ പറഞ്ഞു. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞാടുകയായിരുന്നു നെടുമുടി വേണുവെന്നും കമല്‍ അനുസ്മരിച്ചു.
''അരവിന്ദന് എന്ന സംവിധായകനൊപ്പം തമ്പിലൂടെയാണ് നെടുമുടി വേണു സിനിമാ ജീവിതം ആരംഭിക്കുന്നത്. ആ കാലഘട്ടത്തിലെ പ്രതിഭാധനരായ സംവിധായകരോടപ്പം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ പരിശോധിച്ചാല്‍ എണ്‍പതുകളിലെ മലയാള സിനിമാ ഭാവുകത്വത്തിന് അദ്ദേഹം നല്കിയ സംഭാവന വ്യക്തമാകും. കെജി ജോര്‍ജ്, ഭരതന് പോലുള്ള അക്കാലത്തെ മധ്യവര്‍ത്തി സിനിമകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്'' കമല്‍ പറഞ്ഞു.
എണ്‍പതുകളിലെ സിനിമകളില്‍ അക്കാലത്തെ ഗ്രാമീണ ജീവിതത്തിന്റെ പരിച്ഛേദമാണ് നെടുമുടി വേണുവിന്റെ കഥാപാത്രം. കള്ളന് പവിത്രനിലും ഒരിടത്തൊരു ഫയല്‍വാനിലും പഞ്ചവടിപ്പാലത്തിലും ഇത് കാണാം. നെടുമുടിക്കാരനായതുകൊണ്ടു തന്നെ മധ്യതിരുവിതാംകൂറിന്റെ ഭാഷയും സംസ്കാരവും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലും സ്വാധീനിച്ചിരുന്നു. മോഡേണ്‍ കഥാപാത്രങ്ങളും അദ്ദേഹത്തിന് വഴങ്ങുന്നു. ഒരുപാട് കഥാപാത്രങ്ങളെ ബാക്കിവെച്ചാണ് അദ്ദേഹം വിടവാങ്ങിയത്. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി തീരാ നഷ്ടമാണെന്നും കമല്‍ പറഞ്ഞു.