Entertainment
ഇന്ത്യന്‍ 2 വില്‍ നെടുമുടി വേണുവിന് പകരക്കാരനായി മലയാളി താരം; അപ്രതീക്ഷിതമെന്ന് ആരാധകര്‍
Entertainment

'ഇന്ത്യന്‍ 2' വില്‍ നെടുമുടി വേണുവിന് പകരക്കാരനായി മലയാളി താരം; അപ്രതീക്ഷിതമെന്ന് ആരാധകര്‍

Web Desk
|
9 Aug 2022 11:46 AM GMT

നെടുമുടി വേണുവുമായി താരത്തിനുള്ള രൂപ സാദൃശ്യമാണ് അദ്ദേഹത്തെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധരൻ പിള്ള പറഞ്ഞു

ഉലകനായകൻ കമൽ ഹാസൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഇന്ത്യൻ 2' വിൽ നടൻ നെടുമുടി വേണുവിന് പകരക്കാരനായി മറ്റൊരു മലയാളി താരമെത്തുന്നു. മലയാളിയായ നന്ദു പൊതുവാളാണ് നെടുമുടിക്ക് പകരക്കാരനായി സിനിമയില്‍ വേഷമിടുന്നത്. ട്രേഡ് അനലിസ്റ്റ് ശ്രീധരൻ പിള്ളയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. നെടുമുടി വേണുവുമായി നന്ദു പൊതുവാളിനുള്ള രൂപ സാദൃശ്യമാണ് അദ്ദേഹത്തെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ഇതിനോടകം നെടുമുടി വേണുവിനെ വച്ച് ചിത്രീകരിച്ച ഭാഗങ്ങള്‍ നന്ദു പൊതുവാള്‍ പൂര്‍ത്തീകരിക്കും.

തമിഴ് സിനിമാ ചിരിത്രത്തിലെ സൂപ്പർ ഹിറ്റ് സിനിമകളിലൊന്നായ 'ഇന്ത്യൻ' 1996ലാണ് പുറത്തിറങ്ങിയത്. എസ്.ശങ്കറാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്. ചിത്രത്തിൽ കൃഷ്ണ സ്വാമി എന്ന കഥാപാത്രത്തെയാണ് നെടുമുടി വേണു അവതരിപ്പിച്ചത്. 'ഇന്ത്യൻ 2' വിലും ഇതേ കഥാപാത്രത്തെ നെടുമുടി വേണു തന്നെ അവതരിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിക്കുകയും പിന്നീട് സിനിമയുടെ ഷൂട്ടിങ് പുരോഗമിച്ചു വരികയുമായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ നെടുമുടി വേണുവിന്‍റെ അപ്രതീക്ഷിത വിയോഗമുണ്ടായത്. ഇതിനെ തുടർന്നാണ് നന്ദു പൊതുവാളിന് നെടുമുടി വേണുവിന് പകരക്കാരനായി സിനിമയിലേക്ക് ക്ഷണമെത്തിയത്.

ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിവേകും കഴിഞ്ഞ കോവിഡ് കാലത്ത് അന്തരിച്ചിരുന്നു. അദ്ദേഹത്തിന് പകരക്കാരനായി കാർത്തിക്കാണ് സിനിമയിലെത്തുന്നത്.

സെപ്റ്റംബർ രണ്ടാം വാരം മുതൽ സിനിമയുടെ ഷൂട്ടിങ് പുനരാരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. തമിഴ് സിനിമാ ചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ ഇന്ത്യൻ നിരവധി ദേശീയ പുരസ്‌കാരങ്ങളാണ് വാരിക്കൂട്ടിയത്. 1996 ലെ ഓസ്‌കാർ പുരസ്‌കാരത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻഡ്രി കൂടിയായിരുന്നു സിനിമ. ചിത്രത്തിലെ അഭിനയം കമൽഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്കാരവും നേടിക്കൊടുത്തു.

Similar Posts