Entertainment
Neelavelicham tovino movie new poster
Entertainment

'ഇന്നെന്റെ ജന്മദിനമാണ്, എനിക്ക് മംഗളം ആശംസിച്ചിട്ട് പോകുവിൻ': ബഷീറിനും ടൊവിനോയ്ക്കും പിറന്നാളാശംസയായി നീലവെളിച്ചത്തിന്റെ പുതിയ പോസ്റ്റർ

Web Desk
|
21 Jan 2023 9:14 AM GMT

1964ലാണ് നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി ആദ്യ ചിത്രം പുറത്തു വന്നത്

കൊച്ചി: ഇന്ന് ജനുവരി 21. ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം. ബഷീറിന്റെ വിഖ്യാതമായ ഭാർഗവീനിലയം എന്ന കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം നീലവെളിച്ചത്തിന്റെ അണിയറപ്രവർത്തകർക്ക് ഇന്ന് മറ്റൊരു ജന്മദിനം കൂടി ആഘോഷിക്കാനുണ്ട്. ചിത്രത്തിലെ നായകനായ ടൊവിനോ തോമസിന്റെ.

ബഷീറിന്റെയും ടൊവിനോയുടെയും ജന്മദിനത്തിൽ ഇരുവർക്കും ജന്മദിനാശംസകളുമായാണ് ടീം നീലവെളിച്ചമെത്തിയിയത്. ബഷീറിന്റെ ജന്മദിനം എന്ന നോവലിൽ നിന്നുള്ള വരികൾ കുറിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പം നീലവെളിച്ചത്തിലെ നായകന് ജന്മദിനാശംസകൾ എന്ന് ആഷിക് അബു ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിലെ ദൃശ്യങ്ങൾ കോർത്തിണക്കി ഒരു വീഡിയോയും ആഷിക് അബു പങ്കു വച്ചിട്ടുണ്ട്.

റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ,രാജേഷ് മാധവന്‍, ഉമ കെ.പി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. നേരത്തെ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍,സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ചിത്രം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഡേറ്റ് പ്രശ്നം മൂലം ഇവര്‍ ഒഴിവാകുകയായിരുന്നു.

വൈക്കം മുഹമ്മദ് ബഷീർ എഴുതിയ പ്രസിദ്ധമായൊരു ചെറുകഥയാണ് നീലവെളിച്ചം. കഥാകൃത്തിന്‍റെ ജീവിതത്തിലെ അത്ഭുതസംഭവങ്ങളിൽ ഒന്ന് എന്ന ആമുഖത്തോടെ തുടങ്ങുന്ന ഈ കഥ, പ്രേതബാധക്കു കുപ്രസിദ്ധി കിട്ടിയിരുന്ന ഒരു വീട്ടിൽ താമസിക്കേണ്ടിവന്ന ചെറുപ്പക്കാരനായ ഒരെഴുത്തുകാരനും ആ വീടിനെ ആവേശിച്ചിരുന്നതായി വിശ്വസിക്കപ്പെട്ടിരുന്ന പെൺകുട്ടിയുടെ പ്രേതവും തമ്മിൽ രൂപപ്പെടുന്ന ആർദ്രമായ ആത്മബന്ധത്തിന്‍റെ കഥയാണ്. ഈ കഥ വികസിപ്പിച്ച് ഭാർഗ്ഗവീനിലയം എന്ന പേരിൽ ബഷീർ തന്നെ എഴുതിയ തിരക്കഥയെ ആധാരമാക്കിയുള്ള സിനിമയും പുറത്തിറങ്ങിയിരുന്നു. പ്രേം നസീർ, മധു, വിജയനിർമ്മല എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 1964ലാണ് ഈ ചിത്രം പുറത്തു വന്നത്.

Similar Posts