നയന്‍സ്-വിഘ്‌നേഷ് വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്ലിക്സ് പിന്‍മാറി?
|വിവാഹത്തിന് തൊട്ടുപിന്നാലെ വിഘ്‌നേഷ് ശിവന്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു
തെന്നിന്ത്യന്‍ നടി നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പിന്‍മാറിയെന്ന് റിപ്പോര്‍ട്ട്‍. വിവാഹചിത്രങ്ങള്‍ വിഘ്നേഷ് സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നെറ്റ്ഫ്ലിക്സ് പിന്മാറിയതെന്നാണ് ലഭിക്കുന്ന വിവരം. വിവാഹത്തിന് തൊട്ടുപിന്നാലെ വിഘ്‌നേഷ് ശിവന്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് വിഘ്‌നേഷ് ശിവന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. വിവാഹത്തിന്‍റെ സംപ്രേഷണാവകാശം നെറ്റ്ഫ്ളിക്സിന് 25 കോടി രൂപയ്ക്ക് നല്‍കിയെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. മഹാബലിപുരത്തെ റിസോര്‍ട്ടില്‍ ജൂണ്‍ 9ന് നടന്ന സ്വപ്നസമാനമായ ചടങ്ങില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, രജനീകാന്ത്, കമല്‍ഹാസന്‍, സൂര്യ, ജ്യോതിക, കാര്‍ത്തി, വിജയ് സേതുപതി തുടങ്ങി നിരവധി താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. സംവിധായകന്‍ ഗൗതം മേനോനാണ് വിവാഹചടങ്ങുകള്‍ സംവിധാനം ചെയ്തതെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്നും നയന്‍താരക്കു വേണ്ടി സ്പെഷ്യല്‍ വീഡിയോ ചെയ്യുമെന്നുമായിരുന്നു പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ട്.
അതേസമയം വിവാഹത്തിനായി നയന്‍സും വിഘ്നേഷും പണം മുടക്കിയിട്ടില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നെറ്റ്ഫ്ലിക്സാണ് വിവാഹച്ചെലവുകള്‍ വഹിച്ചത്. മഹാബലിപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ റൂമുകളുടെ വാടകയും വിവാഹം നടന്ന ഗ്ലാസ് കൊട്ടാരവുമെല്ലാം ഇതിലുള്‍പ്പെടും. ഒരാള്‍ക്കുള്ള ഭക്ഷണത്തിന് തന്നെ 3500 രൂപയായിരുന്നു ചെലവ്. വിലകൂടിയ മേക്കപ്പ് ആർട്ടിസ്റ്റുകൾ, സെക്യൂരിറ്റി ഗാർഡുകൾ എന്നിവയും വിവാഹ പരിപാടിക്കായി മുംബൈയിൽ നിന്ന് ക്രമീകരിച്ചിരുന്നു.