നയൻതാരക്കും വിഘ്‌നേഷിനും നോട്ടീസയച്ച് നെറ്റ്ഫ്‌ളിക്‌സ് !
|താരദമ്പതികളുടെ വിവാഹം സംപ്രേഷണം ചെയ്യുന്നതിൽ നെറ്റ്ഫ്‌ളിക്‌സ് പിൻമാറിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നോട്ടീസ്
ചെന്നൈ: നടി നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവനും നോട്ടീസ് അയച്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. താരദമ്പതികളുടെ വിവാഹം സംപ്രേഷണം ചെയ്യുന്നതിൽ നെറ്റ്ഫ്‌ളിക്‌സ് പിൻമാറിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
വിവാഹത്തിന്റെ ചെലവുകളെല്ലാം നെറ്റ്ഫ്‌ളിക്‌സാണ് വഹിച്ചത്. അതിനാൽ തന്നെ തങ്ങൾക്ക് തുക മടക്കി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വലിയ ആഘോഷമായി നടത്തിയ വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്‌ളിക്‌സിന് 25 കോടി രൂപയ്ക്ക് നൽകിയിരുന്നത്. എന്നാൽ വിവാഹച്ചിത്രങ്ങൾ വിഘ്‌നേഷ് ശിവൻ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രസിദ്ധീകരിച്ചിരുന്നു.
നെറ്റ്ഫ്‌ളിക്‌സിന്റെ അനുവാദമില്ലാതെ ചിത്രങ്ങൾ പുറത്ത് വിട്ടതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. ചിത്രങ്ങൾ പുറത്ത് വന്നതോടെ വിവാഹ വീഡിയോയുടെ പ്രാധാന്യം കുറഞ്ഞെന്നും കാണികൾ ഉണ്ടാവില്ലെന്നുമാണ് നെറ്റ്ഫ്‌ളിക്‌സ് കാരണമായി പറയുന്നത്. വിവാഹദിവസം ഒരൊറ്റ ചിത്രം പോലും പുറത്ത് വിട്ടിരുന്നില്ല.
മഹാബലിപുരത്ത് നടന്ന ആഡംബര ചടങ്ങിലാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. അതിഥികൾക്കുള്ള മുറികൾ, അലങ്കാരം, മേക്കപ്പ്, സുരക്ഷ, കൂടാതെ ഓരോ പ്ലേറ്റിനും 3500 രൂപ വിലയുള്ള ഭക്ഷണത്തിനും ഉൾപ്പെടെ മുഴുവൻ ചടങ്ങുകൾക്കും നെറ്റ്ഫ്‌ളിക്‌സ് തന്നെയാണ് പണം നൽകിയതായാണ് റിപ്പോർട്ടുകൾ.
ഒരു മാസം കഴിഞ്ഞിട്ടും നെറ്റ്ഫ്‌ളിക്‌സ് വീഡിയോ സ്ട്രീം ചെയ്യാത്തതിനെ തുടർന്നാണ് വിവാഹ ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ടത്. വിവാഹം കഴിഞ്ഞ് ഒരുമാസം പൂർത്തിയായപ്പോഴാണ് വിഗ്നേഷ് ഫോട്ടോ പുറത്ത് വിട്ടത്.ഷാരൂഖ് ഖാൻ, സൂര്യ, രജനികാന്ത്, ജ്യോതിക, അനിരുദ്ധ്, വിജയ് സേതുപതി തുടങ്ങി വൻതാരനിരതന്നെ വിവാഹ ചടങ്ങിനെത്തിയിരുന്നു.