'വായനയിലൂടെ കണ്ട അതേ നജീബ്': ആടുജീവിതത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്
|ഏപ്രിൽ 10നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകളായിരിക്കും... ബെന്യാമിൻ കുറിച്ച ആടുജീവിതത്തിൽ ഈ വരികൾ വായനക്കാരുടെ മനസ്സിൽ അത്രയധികം ആഴത്തിൽ പതിഞ്ഞതാണ്. ആ പുസ്തകത്തിന്റെ തീവ്രത ഒറ്റവരിയിലൂടെ തന്നെ മനസിൽ ഉറക്കും. വായനക്കാർക്ക് നൽകിയ അതേ അനുഭവം തന്നെയാകും കാഴ്ചക്കാർക്കും ലഭിക്കുക എന്നുറപ്പാക്കി കൊണ്ട് 'ആടുജീവിതത്തിന്റെ' പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സിയുടെ സംവിധാനത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രമായ ആടുജീവിതത്തിനായി പ്രേക്ഷകരുടെ കാത്തിരിപ്പ് ചെറുതല്ല. ജീവിതത്തിന്റെ മരുപ്പച്ച തേടി അറബിനാട്ടിലെത്തി, മരൂഭൂമിയിൽ ഒറ്റപ്പെട്ടുപോയ നജീബിന്റെ യാതനകളുടെ കഥ പറയുന്ന ചിത്രത്തിനായി പ്രതീക്ഷകൾ വാനോളമാണ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.
ചിത്രത്തിന്റെ പുതിയ പോസ്റ്റർ ബോളിവുഡ് താരം രൺവീർ സിങ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചു. 'കാണേണ്ട കാഴ്ച തന്നെ' എന്ന അടിക്കുറിപ്പോടെയാണ് രൺവീർ സിങ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. നിറഞ്ഞൊഴുകിയ കണ്ണുകളുമായി നോക്കി നിൽക്കുന്ന പൃഥ്വിരാജാണ് പോസ്റ്ററിലുള്ളത്. വായനയിലൂടെ കണ്ട അതേ നജീബ് തന്നെയെന്ന് പ്രേക്ഷകർ പറയുന്നു. കേട്ടറിവിന്റെ പുസ്തക താളിലെ ഇതിഹാസം കാണാൻ കാത്തിരിക്കുന്നുവെന്ന് ആളുകൾ കമന്റ് സെക്ഷനിൽ കുറിച്ചു.
ഏപ്രിൽ 10 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി പ്രേക്ഷകരിലേക്കെത്തുന്ന 'ആടുജീവിതം' ഒട്ടേറെ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ചർച്ചാവിഷയമായ സിനിമയാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ എത്തുന്ന ചിത്രത്തിൽ ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ.ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
സുനിൽ കെ.എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ശ്രീകർ പ്രസാദാണ്.ഓസ്‌കാർ അവാർഡ് ജേതാക്കളായ എ.ആർ റഹ്‌മാന്റെ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്ദ മിശ്രണവുമാണ് ചിത്രത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകതകളിലൊന്ന്. മികവുറ്റ നിർമ്മാണ നിലവാരം, സൗന്ദര്യാത്മക ഘടകങ്ങൾ, മികച്ച കഥാഖ്യാനശൈലി, വേറിട്ട ഭാവപ്രകടനങ്ങൾ തുടങ്ങിയ വൻ പ്രത്യേകതകളോടെ എത്തുന്ന ഈ ചിത്രം അണിയറ പ്രവർത്തകരുടെ അഞ്ച് വർഷത്തോളം നീണ്ട അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ്. കേരളത്തിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് വിദേശത്ത് ജോലിക്കെത്തിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.