നടൻ വിക്രം ഗോഖലെ മരിച്ചെന്ന് വാർത്ത; അനുശോചനവുമായി ബോളിവുഡ് താരങ്ങള്‍, യഥാർത്ഥത്തിൽ സംഭവിച്ചത്
|77 കാരനായ വിക്രം ഗോഖലെയുടെ നില ഗുരുതരമാണെന്നും, ആരോഗ്യനില വഷളായതിനെ തുടർന്ന് പൂനെയിലെ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിൻ്റെ മകള്‍ അറിയിച്ചു
ബോളിവുഡ്, മറാത്തി സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ വിക്രം ഗോഖലെ മരിച്ചതായുള്ള വാർത്തകള്‍ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അജയ് ദേവ്ഗൺ, റിതേഷ് ദേശ്മുഖ്, അലി ഗോണി, ജാവേദ് ജാഫെരി തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ ട്വിറ്ററിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ വാർത്ത തെറ്റാണെന്നും വിക്രം ജീവിച്ചിരിക്കുന്നുണ്ടെന്നും വാർത്താ ഏജൻസികളായ എഎൻഐയും പിടിഐയും റിപ്പോർട്ട് ചെയ്തു.
77 കാരനായ വിക്രം ഗോഖലെയുടെ നില ഗുരുതരമാണെന്നും, ആരോഗ്യനില വഷളായതിനെ തുടർന്ന് പൂനെയിലെ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിൻ്റെ മകള്‍ അറിയിച്ചു. എന്നാൽ അസുഖത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
പ്രമുഖ മറാത്തി നാടക നടനും സിനിമാ നടനുമായ ചന്ദ്രകാന്ത് ഗോഖലെ സഞ്ജയ് ലീലാ ബൻസാലി ചിത്രം "ഹം ദിൽ ദേ ചുകേ സനം", "ഭൂൽ ഭുലയ്യ", "ദേ ദാനാ ഡാൻ" എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2010-ൽ മറാത്തി ചിത്രമായ "ആഘാത്" ലൂടെ അദ്ദേഹം സംവിധായകന്റെ തൊപ്പി ധരിച്ചു. മറാത്തി ചിത്രമായ "അനുമതി" യ്ക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയിരുന്നു. നാടകത്തിലെ അഭിനയത്തിന് 2011-ൽ സംഗീത നാടക അക്കാദമി അവാർഡും അദ്ദേഹത്തെ തേടിയെത്തി.
ശിൽപ ഷെട്ടിക്കും അഭിമന്യു ദസ്സാനിക്കുമൊപ്പം 'നിക്കമ്മ' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഈ വർഷം ജൂണിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.