Entertainment
ഹൃദയത്തിന്‍റെ റിലീസ് മാറ്റിവെച്ചെന്ന വാര്‍ത്ത; വിനീത് ശ്രീനിവാസന്‍റെ പ്രതികരണം
Entertainment

'ഹൃദയ'ത്തിന്‍റെ റിലീസ് മാറ്റിവെച്ചെന്ന വാര്‍ത്ത; വിനീത് ശ്രീനിവാസന്‍റെ പ്രതികരണം

ijas
|
20 Jan 2022 3:18 PM GMT

കേരളമാകെ 450ന് മുകളില്‍ സ്ക്രീനുകളിലാണ് നാളെ 'ഹൃദയം' റിലീസ് ചെയ്യുന്നത്

പ്രണവ് മോഹന്‍ലാലിനേയും കല്യാണി പ്രിയദര്‍ശനേയും ദര്‍ശന രാജേന്ദ്രനേയും പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ 'ഹൃദയം' സിനിമയുടെ റിലീസ് മാറ്റിവെച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. 'ഹൃദയ'ത്തിന്‍റെ റിലീസിന് ഒരു മാറ്റവുമില്ലെന്ന് വിനീത് ഫേസ്ബുക്കിലൂടെ അറിയിച്ചു. തിയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കില്‍ മാറ്റമില്ലെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആവേശപൂർവം സിനിമ കാണാൻ വരൂവെന്നും വിനീത് ആശംസിച്ചു.

'ഞങ്ങൾ തിയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ 'ഹൃദയം' കാണാൻ കാത്തിരിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആവേശപൂർവം സിനിമ കാണാൻ വരൂ. നാളെ തിയേറ്ററിൽ കാണാം'; വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

കേരളമാകെ 450ന് മുകളില്‍ സ്ക്രീനുകളിലാണ് നാളെ 'ഹൃദയം' റിലീസ് ചെയ്യുന്നത്. വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ അജു വര്‍ഗ്ഗീസ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെറിലാന്‍റ് സിനിമാസിന്‍റെ 70ആം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് 'ഹൃദയം'.

ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം-ദിവ്യ ജോര്‍ജ്. ചമയം-ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍-അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍-ആന്‍റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍.

Similar Posts