Entertainment
Nna Thaan Case Kodu

ന്നാ താന്‍ കേസ് കൊട്

Entertainment

ജനപ്രിയ ചിത്രമുള്‍പ്പെടെ ആറ് അവാര്‍ഡുകള്‍; പുരസ്കാരങ്ങള്‍ വാരിക്കൂട്ടി 'ന്നാ താന്‍ കേസ് കൊട്

Web Desk
|
21 July 2023 10:52 AM GMT

മികച്ച തിരക്കഥക്ക് സംവിധായകന്‍ കൂടിയായ രതീഷ് ബാലകൃഷ്ണ പൊതുവാളിനാണ് പുരസ്കാരം ലഭിച്ചത്

തിരുവനന്തപുരം: 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയത് കുഞ്ചാക്കോ ബോബന്‍ ചിത്രം 'ന്നാ താന്‍ കേസ് കൊട്' ആയിരുന്നു. മികച്ച തിരക്കഥക്ക് അടക്കം നിരവധി പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. മികച്ച തിരക്കഥക്ക് സംവിധായകന്‍ കൂടിയായ രതീഷ് ബാലകൃഷ്ണ പൊതുവാളിനാണ് പുരസ്കാരം ലഭിച്ചത്.

ചിത്രത്തിലെ കൊഴുമ്മേല്‍ രാജീവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍മാരുടെ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പ്രത്യേക പരാമര്‍ശം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മമ്മൂട്ടിയുമായി കടുത്ത മത്സരം തന്നെ കാഴ്ച വയ്ക്കാന്‍ ചാക്കോച്ചന് സാധിച്ചിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും ന്നാ താന്‍ കേസ് കൈപ്പിടിയിലൊതുക്കി. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡും ഡോണ്‍ വിന്‍സെന്‍റിലൂടെ ന്നാ താന്‍ കേസ് കൊടിന്‍റെ അക്കൗണ്ടിലെത്തിച്ചു.

മികച്ച സ്വഭാവനടനുള്ള പുരസ്കാരം ചിത്രത്തിലെ ജഡ്ജിയെ അവതരിപ്പിച്ച ടി.പി കുഞ്ഞിക്കൃഷ്ണനാണ്. കലാസംവിധാനത്തിനുള്ള ഈ ചിത്രത്തിന് ലഭിച്ചു. ജ്യോതിഷ് ശങ്കറാണ് മികച്ച കലാസംവിധായകന്‍.

ആഗസ്ത് 11നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത് ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രം. കുഞ്ചാക്കോ ബോബന് പുറമെ ഗായത്രി ശങ്കര്‍, രാജേഷ് മാധവന്‍, ഉണ്ണിമായ പ്രസാദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Similar Posts