'ഇപ്പൊ മനസ്സിലായില്ലേ.. ചിലതൊക്കെ ശരിയാക്കാൻ സിനിമക്കും പറ്റും'; എന്‍എച്ച്എഐയുടെ കുഴി ആപ്പ് ചൂണ്ടി 'ന്നാ താന്‍ കേസ് കൊട് 'പുതിയ പോസ്റ്റര്‍
|കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം 'ന്നാ താന്‍ കേസ് കൊട്' തിയേറ്ററുകളില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്
കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം 'ന്നാ താന്‍ കേസ് കൊട്' തിയേറ്ററുകളില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സിനിമ വലിയ സൈബര്‍ അറ്റാക്കുകള്‍ നേരിട്ടിരുന്നു. ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് പത്രമാധ്യമങ്ങളിൽ വന്ന പരസ്യം വലിയ ചർച്ചാ വിഷയമായിരിന്നു. 'തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നായിരുന്നു പരസ്യ വാചകം. പരസ്യം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിന് പിറകേ പലരും സിനിമക്കെതിരെ ബഹിഷ്കരണാഹ്വാനവുമായി രംഗത്ത് വന്നു. എന്നാല്‍ ബഹിഷ്കരണാഹ്വാനങ്ങളെയൊക്കെ കാറ്റില്‍ പറത്തി സിനിമ തിയേറ്ററുകളില്‍ വന്‍ വിജയമാണ് നേടിയത്.
ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. "ഇപ്പോള്‍ മനസിലായില്ലേ ചിലതൊക്കെ ശരിയാക്കാൻ സിനിമയ്ക്കും പരസ്യവാചകങ്ങൾക്കും പറ്റുമെന്ന്' എന്നാണ് പുതിയ പോസ്റ്ററിലെ തലവാചകം. എൻഎച്ച്എഐയുടെ കുഴി റിപ്പോർട്ട് ചെയ്യുന്ന ആപ്പിനെക്കുറിച്ചുള്ള വാർത്തയ്‌ക്കൊപ്പമാണ് പോസ്റ്റർ.
കാസർകോടിന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്ന 'ന്നാ താന്‍ കേസ് കൊട്' പയ്യന്നൂരുകാരനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ അണിയറയിലും മുൻനിരയിലും ഭാഗമായ കൂടുതൽ പേരും കണ്ണൂർ, കാസർകോട് ജില്ലക്കാരനാണ്. ചീമേനി, കയ്യൂർ, മയ്യിച്ച, കാഞ്ഞങ്ങാട്, ചെറുവത്തൂർ ഭാഗങ്ങളിലാണ് ചിത്രീകരണം നടന്നത്.
എം.എല്‍.എയുടെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച കള്ളനെ പട്ടി കടിച്ചതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും നിയമനടപടികളുമാണ് ചിത്രത്തിന്‍റെ പ്രമേയം. കള്ളനായ അംബാസ് രാജീവൻ എന്ന പേരിൽ അറിയപ്പെടുന്ന കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. വേറിട്ട ഗെറ്റപ്പിലും സംസാരശൈലിയിലുമാണ് ചാക്കോച്ചന്‍റെ കഥാപാത്രമെത്തുന്നത്.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. സന്തോഷ് ടി.കുരുവിളയാണ് നിര്‍മാണം. ചിത്രം ഇന്ന് തിയറ്ററുകളിലെത്തും.