Entertainment
No Depression In My Village Nawazuddin Siddiqui

Nawazuddin Siddiqui

Entertainment

'നഗരവാസികള്‍ വികാരങ്ങളെ മഹത്വവല്‍ക്കരിക്കുന്നു, എന്‍റെ ഗ്രാമത്തിൽ വിഷാദരോഗം ഇല്ല': ആവര്‍ത്തിച്ച് നവാസുദ്ദീന്‍ സിദ്ദിഖി

Web Desk
|
24 May 2023 11:49 AM GMT

വിഷാദരോഗം നഗരത്തിലെ പ്രശ്നമാണെന്ന നവാസുദ്ദീന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല

മുംബൈ: വിഷാദ രോഗത്തെ കുറിച്ചുള്ള തന്‍റെ നിലപാട് ആവര്‍ത്തിച്ച് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. തന്‍റെ ഗ്രാമത്തില്‍ വിഷാദ രോഗമില്ല. അനുഭവത്തില്‍ നിന്നാണ് പറയുന്നത്. നഗരവാസികള്‍ ചെറിയ വികാരങ്ങളെ മഹത്വവല്‍ക്കരിക്കുകയാണെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു.

വിഷാദരോഗം നഗരങ്ങളിലെ പ്രശ്‌നമാണെന്നും ഗ്രാമീണര്‍ ഒരു തരത്തിലുള്ള മാനസിക രോഗങ്ങളും നേരിടുന്നില്ലെന്നും മാഷബിൾ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നവാസുദ്ദീന്‍ സിദ്ദിഖി ആദ്യം പറഞ്ഞത്. നവാസുദ്ദീന്‍റെ പരാമര്‍ശം വിവേകശൂന്യമാണെന്നും അജ്ഞതയാണെന്നും വിമര്‍ശനമുയര്‍ന്നു. വിമര്‍ശനങ്ങള്‍ക്ക് നവാസുദ്ദീന്‍ സിദ്ദിഖിയുടെ മറുപടിയിങ്ങനെ- "ഞാൻ എന്റെ അനുഭവം പറയുകയായിരുന്നു. ഒരുപക്ഷേ എനിക്ക് തെറ്റുപറ്റിയിരിക്കാം. എന്നാൽ ഇവിടെ നിന്ന് മൂന്ന് മണിക്കൂർ അകലെയുള്ള എന്‍റെ ഗ്രാമത്തിൽ പോയി എനിക്ക് വിഷാദമുണ്ടെന്ന് പറഞ്ഞാൽ അടി കിട്ടും. എന്താണ് വിഷാദമെന്ന് അവര്‍ എന്നോട് ചോദിക്കും"-

നഗരങ്ങളിലുള്ളവര്‍ വികാരങ്ങളെ മഹത്വവല്‍ക്കരിക്കുകയാണ്. എല്ലാമുണ്ടായിട്ടും ഇത്തരം രോഗങ്ങളോട് മല്ലിടുന്നുണ്ടെങ്കില്‍ അതിനു കാരണം അമിതമായ ചിന്തയാണെന്ന് നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു- "എനിക്ക് വിഷാദമുണ്ടെന്ന് അച്ഛനോട് പറഞ്ഞാൽ അച്ഛന്‍ എന്നെ തല്ലുകയും ജോലിക്ക് പോവാന്‍ പറയുകയും ചെയ്യുന്ന സ്ഥലത്തുനിന്നാണ് ഞാന്‍ വരുന്നത്. ഗ്രാമത്തിൽ ആരും വിഷാദത്തിലല്ല. എല്ലാവരും സന്തോഷിക്കുന്നു. നഗരത്തിൽ വന്നതിന് ശേഷമാണ് ഞാൻ ഉത്കണ്ഠ, വിഷാദം, ബൈപോളാർ എന്നിവയെക്കുറിച്ച് പഠിച്ചത്. ഇതെല്ലാം നഗരത്തിൽ സംഭവിക്കുന്നു. ഇവിടെ എല്ലാവരും അവരുടെ വികാരങ്ങളെ മഹത്വവല്‍ക്കരിക്കുന്നു. മഴ പെയ്യുമ്പോൾ, തൊഴിലാളികളും പാതയോരത്ത് താമസിക്കുന്നവരും നൃത്തം ചെയ്യുന്നു. അവർക്ക് വിഷാദത്തെക്കുറിച്ച് ഒന്നും അറിയില്ല. നിങ്ങൾ കൂടുതൽ പണം സമ്പാദിക്കുമ്പോൾ, നിങ്ങൾക്ക് ഇത്തരത്തിലുള്ള രോഗങ്ങളുമുണ്ടാകുന്നു"- നവാസുദ്ദീന്‍ സിദ്ദിഖി വിശദീകരിച്ചു.

അതേസമയം വിഷാദരോഗം നഗരത്തിലെ പ്രശ്നമാണെന്ന നവാസുദ്ദീന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, പ്രായപൂർത്തിയായവരിൽ 5 ശതമാനം പേർക്ക് ആഗോളതലത്തിൽ വിഷാദരോഗമുണ്ട്. കൂടാതെ 20 ഇന്ത്യക്കാരിൽ ഒരാൾക്ക് വീതം വിഷാദരോഗമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Summary- My Experience, No Depression In My Village- Actor Nawazuddin Siddiqui says

Similar Posts