Entertainment
പ്ലാസ്റ്റിക്ക് സർജറി ഒന്നും വേണ്ടപ്പാ...; അഭ്യൂഹങ്ങളോട് പ്രതികരിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ
Entertainment

'പ്ലാസ്റ്റിക്ക് സർജറി ഒന്നും വേണ്ടപ്പാ'...; അഭ്യൂഹങ്ങളോട് പ്രതികരിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

Web Desk
|
3 Jun 2022 12:42 PM GMT

കുറച്ചു ദിവസം വിശ്രമം വേണ്ടി വരുമെന്നും ഭേദമായി തുടങ്ങിയാൽ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും താരം

ആരോഗ്യനിലയുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന വ്യാജവാർത്തകളോടും അഭ്യൂഹങ്ങളളോടും പ്രതികരിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. ഇതെല്ലാം കേട്ട് കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇപ്പോൾ പ്ലാസ്റ്റിക് സർജറിയൊന്നും വേണ്ട, ആശുപത്രിയിൽ ചികിത്സയിലാണ്, കുറച്ചു ദിവസം വിശ്രമം വേണ്ടി വരുമെന്നും ഭേദമായി തുടങ്ങിയാൽ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും താരം വ്യക്തമാക്കി. കുറിപ്പിനൊപ്പം ആശുപത്രി കിടക്കയിൽനിന്നുള്ള ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.

വെടിക്കെട്ട് സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് കൈകൾക്ക് പൊള്ളലേറ്റതിനെ തുടർന്നാണ് വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്‌നേഹത്തിനും കരുതലിനും നന്ദിയുണ്ടെന്നും താരം അറിയിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വിഷ്ണു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമണ് 'വെടിക്കെട്ട്'. സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നതും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇരുവരും തന്നെയാണ്. സിനിമയുടെ പൂജ കൊച്ചിയിൽ നടന്നിരുന്നു. പിന്നാലെ ചിത്രീകരണവും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് വിഷ്ണുവിന് പൊള്ളലേറ്റത്.

വിഷ്ണുവിന്റെ വാക്കുകൾ ഇങ്ങനെ

'SAY NO TO PLASTIC'

പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ...പല പല വാർത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്. 'വെടിക്കെട്ട് ' സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് എന്റെ കൈകൾക്ക് പൊള്ളലേറ്റു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കും. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്‌നേഹത്തിനും കരുതലിനും നന്ദി. എല്ലാവരോടും സ്‌നേഹം.





Similar Posts