Entertainment
Madhya Pradesh Minister Narottam Mishra Pathaan Movie

നരോത്തം മിശ്ര

Entertainment

പഠാനെതിരെ ഇനി പ്രതിഷേധിക്കുന്നതില്‍ കാര്യമില്ല: മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

Web Desk
|
26 Jan 2023 3:02 AM GMT

പഠാനെതിരെ ആദ്യം രംഗത്തെത്തിയ നേതാക്കളില്‍ ഒരാളായിരുന്നു നരോത്തം മിശ്ര

ഭോപ്പാല്‍: ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ എന്ന സിനിമയ്ക്കെതിരെ ഇനി പ്രതിഷേധിക്കുന്നതില്‍ കാര്യമില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. സിനിമയിലെ ചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് തിരുത്തിയതിനാല്‍ ഇനി പ്രതിഷേധിക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് മന്ത്രി പറഞ്ഞത്. പഠാനെതിരെ ആദ്യം രംഗത്തെത്തിയ നേതാക്കളില്‍ ഒരാളായിരുന്നു നരോത്തം മിശ്ര.

"സിനിമയിൽ തിരുത്തലുകള്‍ നടത്തിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. സെൻസർ ബോർഡ് തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. വിവാദ വാക്കുകൾ നീക്കം ചെയ്തു. അതിനാൽ ഇപ്പോൾ പ്രതിഷേധിക്കേണ്ട കാര്യമില്ല"- എന്നാണ് മന്ത്രി പറഞ്ഞത്. മധ്യപ്രദേശില്‍ പഠാനെതിരെ പ്രതിഷേധം തുടരുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. ചില സംഘ്പരിവാര്‍ സംഘടനകള്‍ മധ്യപ്രദേശിന്റെ ചില ഭാഗങ്ങളിൽ ഇന്നലെ പഠാനെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. ഇൻഡോറിലെയും ഭോപ്പാലിലെയും ചില തിയേറ്ററുകളില്‍ പ്രഭാത ഷോ റദ്ദാക്കേണ്ടിവന്നു.

'ബെഷറം രംഗ്' ഗാനത്തിലെ നടി ദീപിക പദുക്കോണിന്റെ വസ്ത്രധാരണത്തെ നരോത്തം മിശ്ര നേരത്തെ ആക്ഷേപിച്ചിരുന്നു. പാട്ടിൽ ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിനെതിരെയാണ് നരോത്തം മിശ്ര രംഗത്തെത്തിയത്. അതേസമയം സിനിമകളെ സംബന്ധിച്ച് അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ നരോത്തം മിശ്രയുടെ മറുപടിയിങ്ങനെ- "പ്രധാനമന്ത്രിയുടെ ഓരോ വാക്കും വാചകവും ഞങ്ങൾക്ക് പ്രധാനമാണ്. എല്ലാ പ്രവർത്തകരും അവിടെ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. ഞങ്ങളുടെ സ്വഭാവവും പെരുമാറ്റവും എല്ലായ്പ്പോഴും അദ്ദേഹത്തിന്‍റെ മാര്‍ഗനിര്‍ദേശത്താല്‍ നയിക്കപ്പെടുന്നു. ഭാവിയിലും അത് തുടരും".

പഠാനിലെ ചില സീനുകളിൽ താരത്തിന്റെ വസ്ത്രം 'ശരിയാക്കിയില്ലെങ്കിൽ' ചിത്രം മധ്യപ്രദേശിൽ പ്രദർശിപ്പിക്കാൻ അനുവദിക്കണമോ എന്നത് ആലോചിക്കേണ്ടിവരുമെന്നാണ് നരോത്തം മിശ്ര നേരത്തെ പറഞ്ഞത്. ജവഹർലാർ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ 'തുക്‌ഡേ തുക്‌ഡേ ഗ്യാങിനെ' പിന്തുണയ്ക്കുന്ന ആളാണ് ദീപികയെന്നും മന്ത്രി ആരോപിച്ചിരുന്നു- "ചിത്രത്തിലെ ചില സീനുകളും ദീപികയുടെ വസ്ത്രങ്ങളും ശരിയാക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. അല്ലെങ്കിൽ ഈ ചിത്രം മധ്യപ്രദേശിൽ അനുവദിക്കണോ വേണ്ടയോ എന്നത് ആലോചിക്കേണ്ടിവരും".

നാല് വർഷത്തിന് ശേഷം ഷാരൂഖ് ഖാൻ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയ സിനിമയാണ് പഠാന്‍. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും മുഖ്യ കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. സിനിമയില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിലൂടെ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പഠാനെതിരെ ബഹിഷ്കരണ ആഹ്വാനമുണ്ടായത്. എന്നാല്‍ ബഹിഷ്കരണ ആഹ്വാനം ഏശിയില്ലെന്നും ആദ്യ ദിനം തന്നെ പഠാന്‍ 50 കോടി ക്ലബ്ബിലെത്തി എന്നുമാണ് റിപ്പോര്‍ട്ട്.

Similar Posts