Entertainment
Kochi, Vijay Babu, Brahmapuram fire, കൊച്ചി, വിജയ് ബാബു, ബ്രഹ്മപുരം,
Entertainment

'വെള്ളമില്ല, നഗരം നിറയെ മാലിന്യം, പുക'; കൊച്ചിയില്‍ ജീവിതം നരകമെന്ന് വിജയ് ബാബു

Web Desk
|
9 March 2023 10:10 AM GMT

കൊച്ചി നഗരം നേരിടുന്ന ദുരിതങ്ങള്‍ എണ്ണിപറഞ്ഞ് നടനും നിര്‍മാതാവുമായ വിജയ് ബാബു

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീയും പുകയും അണയ്ക്കാനുള്ള ശ്രമം എട്ടാം ദിവസവും തുടരവെ നഗരം നേരിടുന്ന ദുരിതങ്ങള്‍ എണ്ണിപറഞ്ഞ് നടനും നിര്‍മാതാവുമായ വിജയ് ബാബു. വെള്ളമില്ല,നഗരം നിറയെ മാലിന്യം, പുക, ചൂട്, കൊതുകുകള്‍, രോഗങ്ങള്‍....കൊച്ചി നഗരത്തില്‍ ജീവിതം നരകമാണെന്ന് വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന് കീഴെ വിജയ് ബാബുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് പ്രതികരണം അറിയിച്ചിരിക്കുന്നത്.

'കൊച്ചി പഴയ കൊച്ചി അല്ലായിരിക്കും പക്ഷെ മാലിന്യം പഴയതാ', 'കെ റെയിൽ ഉണ്ടായിരുന്നു എങ്കിലും ശുദ്ധ വയനാട്ടിൽ പോയി ശുദ്ധ വായു ശ്വസിച്ചു തിരിച്ചു വരാമായിരുന്നു', 'ശ്വാസം എടുക്കുന്നവരെ മാത്രമേ പുക ബാധിക്കൂ എന്നത് സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്', എന്നിങ്ങനെ പരിഹാസ ശരങ്ങളും നിരവധി പേര്‍ കമന്‍റുകളില്‍ രേഖപ്പെടുത്തി.

അതെ സമയം ബ്രഹ്മപുരത്തെ തീപിടിത്തത്തിൽ ഹൈക്കോടതി ശക്തമായ നടപടിക്ക് ശിപാർശ ചെയ്തതിന് പിന്നാലെ യുദ്ധകാലാടിസ്ഥാനത്തിൽ തീ കെടുത്തല്‍ പുരോഗമിക്കുകയാണ്. ഇന്നലെ രാത്രി മുഴുവനും തീ അണയ്ക്കൽ തുടർന്നു. കാര്യക്ഷമമായി തീ അണയ്ക്കുന്നതിന് സമീപ ജില്ലകളിൽ നിന്നും യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്. പുക ഇല്ലാതാക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യാൻ സാധ്യത ഉള്ളതിനാൽ കൊച്ചി കോർപ്പറേഷനിലും സമീപ പ്രദേശങ്ങളിലുമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്നും നാളെയും അവധി നൽകിയിട്ടുണ്ട്. എന്നാൽ അവധി പൊതുപരീക്ഷകൾക്ക് ബാധകമല്ല. പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് നിലച്ച മാലിന്യ നീക്കം ഇന്ന് പുനരാരംഭിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂന്ന് മേഖലകളാക്കി സംസ്കരിക്കാനാണ് തീരുമാനം.

Similar Posts