Entertainment
പ്രഭാസുമൊന്നിച്ച് ഇനി ഇറ്റലിയില്‍; സലാറിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ്
Entertainment

'പ്രഭാസുമൊന്നിച്ച് ഇനി ഇറ്റലിയില്‍'; സലാറിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ്

Web Desk
|
19 Dec 2022 12:35 PM GMT

കൊമേഷ്യല്‍ സിനിമാ സ്വഭാവത്തിലാണ് ബ്ലെസി 'ആടുജീവിതം' ഒരുക്കിയിരിക്കുന്നതെന്ന് പൃഥ്വിരാജ്

കൊച്ചി: പ്രഭാസിനെ നായകനാക്കി കെ.ജി.എഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം സലാറിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ്. സലാറിന്‍റെ ചിത്രീകരണം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ജനുവരിയില്‍ സിനിമയുടെ ഭാഗമാകുമെന്നും പൃഥ്വിരാജ് പറഞ്ഞു. ജനുവരിയിലെ ഷെഡ്യൂള്‍ ഹൈദരാബാദിലാണെന്നും അതിന് ശേഷം പ്രഭാസുമൊന്നിച്ച് ഇറ്റലിയില്‍ ചിത്രീകരണമുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ഏറെ കാലമായുള്ള സുഹൃത്താണ് പ്രശാന്ത് നീല്‍ എന്നും പൃഥ്വിരാജ് മനസ്സുതുറന്നു. സലാറിന്‍റെ പല ഫൂട്ടേജുകളും കണ്ടിട്ടുണ്ടെന്ന് പറഞ്ഞ പൃഥ്വിരാജ് പരിപാടി കൊള്ളാമെന്നാണ് തോന്നിയതെന്നും പറഞ്ഞു. കാപ്പ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് പൃഥ്വിരാജ് സലാറിന്‍റെ വിശേഷങ്ങള്‍ അറിയിച്ചത്.

പഠാന്‍ സിനിമക്കെതിരായ ബി.ജെ.പി-സംഘപരിവാര്‍ ബഹിഷ്കരാണാഹ്വാനങ്ങളിലും പൃഥ്വിരാജ് പ്രതികരണം അറിയിച്ചു. സംഭവത്തില്‍ വലിയ ദുഖമുണ്ടെന്ന് പറഞ്ഞ പൃഥ്വിരാജ് ഒരു കലാകാരനെന്ന നിലയില്‍ ഒരു കലാരൂപത്തെ ഇത്തരം വീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഭാഗമാക്കുന്നതില്‍ സങ്കടമുണ്ടെന്ന് പറഞ്ഞു. അതെ സമയം ഐ.എഫ്.എഫ്.കെ കാണികളെ നായ്ക്കളോടുപമിച്ച രഞ്ജിത്തിന്‍റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ലൂസിഫറിന് ശേഷം സംവിധാനം ചെയ്യുന്ന 'എമ്പുരാന്‍', ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' എന്നീ സിനിമകളുടെ വിശേഷങ്ങളും പൃഥ്വിരാജ് മാധ്യമങ്ങളോട് പങ്കുവെച്ചു. 'എമ്പുരാന്‍' നിലവില്‍ ചിത്രീകരണ സ്ഥലം അന്വേഷിച്ചുള്ള കാത്തിരിപ്പിലാണെന്നും 2023 പകുതിയിലോ അതു കഴിഞ്ഞോ ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അറിയിച്ചു. 'ആടുജീവിതം' ഒരു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്തിട്ട് ലോകം മൊത്തം പ്രദര്‍ശിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അങ്ങനെ വന്നാല്‍ 2023 പകുതിയിലാകും സിനിമയെത്തുകയെന്നും അദ്ദേഹം അറിയിച്ചു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യാനാണ് ആലോചനയെന്നും എന്നാല്‍ അതിന് അയക്കേണ്ട തിയതിക്ക് മുന്നേ വി.എഫ്.എക്സും എ.ആര്‍ റഹ്മാന്‍റെ സംഗീതവും പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്നത് സംശയമാണെന്നും പൃഥ്വിരാജ് പറഞ്ഞു. കൊമേഷ്യല്‍ സിനിമാ സ്വഭാവത്തിലാണ് ബ്ലെസി ആട് ജീവിതം ഒരുക്കിയിരിക്കുന്നതെന്നും താരം പറഞ്ഞു.

Similar Posts