'എന്തുകൊണ്ട് പച്ചക്കൊടി? ലക്ഷദ്വീപ് ക്രിമിനലുകളുടെ ഒളിത്താവളമോ?': മാലിക് സത്യസന്ധമല്ലെന്ന് എന്‍.എസ് മാധവന്‍
|തുടര്‍ച്ചയായുള്ള ട്വീറ്റുകളില്‍ മാലികിലെ പ്രശ്നങ്ങളും എന്‍.എസ് മാധവന്‍ അക്കമിട്ടുനിരത്തുന്നുണ്ട്
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം മാലിക് ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. മാലിക് സത്യസന്ധമല്ലെന്നും നീതിയുക്തമല്ലെന്നും എന്‍.എസ് മാധവന്‍ കുറ്റപ്പെടുത്തി. അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലുമായി ഒരുക്കിയ സിനിമയുടെ ടൈറ്റിൽ കാർഡിനെയും അദ്ദേഹം വിമർശിച്ചു. മലയാള ചിത്രത്തിന് മുമ്പൊരിക്കലും അറബിയിൽ പേരെഴുതി കാണിച്ചിരുന്നില്ല. അറബിക് മുസ്‍ലിംകളെ പ്രതിനിധീകരിക്കുന്നുവെന്ന ചിന്തയിൽ നിങ്ങളെന്തെങ്കിലും മറച്ചുവെക്കുന്നുണ്ടോ?- അദ്ദേഹം ചോദിച്ചു.
'സിനിമ ബീമാപള്ളി വെടിവെപ്പിനെ പശ്ചാത്തലമാക്കിയെന്ന് പറഞ്ഞോ, ഇല്ല. സിനിമ ലക്ഷദ്വീപ് ക്രിമിനലുകളുടെ താവളമാണെന്ന് പറഞ്ഞോ? ഇല്ല. എന്തൊരു പ്രഹസനാണ് സജി', എന്നിങ്ങിനെയാണ് എന്‍.എസ് മാധവന്‍റെ പരിഹാസ ട്വീറ്റ്.
തുടര്‍ച്ചയായുള്ള ട്വീറ്റുകളില്‍ മാലികിലെ പ്രശ്നങ്ങളും എന്‍.എസ് മാധവന്‍ അക്കമിട്ടുനിരത്തുന്നുണ്ട്.
- മാലിക് ഒരു സാങ്കൽപ്പിക കഥയാണെങ്കിൽ, ചിത്രത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയെ മാത്രമേ കാണിക്കുന്നുള്ളൂ. അതും, പച്ചക്കൊടിയുള്ളത്. എന്തുകൊണ്ട്?
- ലക്ഷദ്വീപിനെ കുറ്റവാളികളുടെ ഒളികേന്ദ്രമായി ചിത്രീകരിക്കുന്നത് എന്തുകൊണ്ട്?
- എന്തുകൊണ്ട് മഹല്ല് കമ്മിറ്റി പ്രകൃതിദുരന്ത സമയത്ത് ക്രിസ്ത്യാനികളെ അകത്ത് കടക്കാൻ അനുവദിക്കുന്നില്ല? ഇത് കേരളത്തിലെ രീതികൾക്ക് തീർത്തും എതിരാണ്.
- രണ്ട് വിഭാഗങ്ങൾ ഏറ്റുമുട്ടുമ്പോൾ ഒന്നിനെ മാത്രം തീവ്രവാദവുമായി ബന്ധിപ്പിക്കുന്നതെന്തുകൊണ്ട്.
- കേരളത്തിലെ ഏറ്റവും വലിയ പോലീസ് വെടിവെപ്പാണ് ചിത്രം കാണിക്കുന്നത്. സർക്കാറിന്‍റെ പങ്കാളിത്തമില്ലാതെ അങ്ങനെ സംഭവിക്കുമോ? മറ്റേത് സിനിമയേയും പോലെ മാലിക്കിലും ഇസ്‍ലാമോഫോബിയയുടെ അംശം കാണാം. ഭരണകക്ഷിയെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു.