Entertainment
ദോശ ഉണ്ടാക്കാന്‍ അറിയാത്തവര്‍ക്ക് അത് കൊള്ളില്ലെന്നു പറയാനും അവകാശമില്ല മാഡം; അഞ്ജലി മേനോനെ ട്രോളി എന്‍.എസ് മാധവന്‍
Entertainment

ദോശ ഉണ്ടാക്കാന്‍ അറിയാത്തവര്‍ക്ക് അത് കൊള്ളില്ലെന്നു പറയാനും അവകാശമില്ല മാഡം; അഞ്ജലി മേനോനെ ട്രോളി എന്‍.എസ് മാധവന്‍

Web Desk
|
17 Nov 2022 7:36 AM GMT

സിനിമ എഡിറ്റിംഗ് എങ്ങനെയാണെന്ന് പഠിക്കാതെ ചിത്രത്തിന് ലാഗ് ഉണ്ടെന്നൊക്കെ പറയുന്നത് മോശം പ്രവണതയാണ് എന്നാണ് അഞ്ജലി പറഞ്ഞത്

സിനിമ പഠിച്ചിട്ട് നിരൂപണം ചെയ്യണമെന്ന സംവിധായിക അഞ്ജലി മേനോന്‍റെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സംവിധായികയെ വിമർശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അഞ്ജലിയെ ട്രോളിയിരിക്കുകയാണ് എഴുത്തുകാരൻ എൻ.എസ് മാധവൻ.

സിനിമ എഡിറ്റിംഗ് എങ്ങനെയാണെന്ന് പഠിക്കാതെ ചിത്രത്തിന് ലാഗ് ഉണ്ടെന്നൊക്കെ പറയുന്നത് മോശം പ്രവണതയാണ് എന്നാണ് അഞ്ജലി പറഞ്ഞത്. ഇതിനെ കളിയാക്കിയായിരുന്നു എന്‍.എസ് മാധവന്‍റെ ട്വീറ്റ്. അഞ്ജലി മേനോൻ ഒരു തട്ടുകടയിലെത്തി ദോശ ഓര്‍ഡർ ചെയ്ത് കഴിച്ച ശേഷം ദോശ മോശമാണെന്ന് പറഞ്ഞു. തട്ടുകടക്കാരൻ പറയുന്നു മാഡം 'ദോശ ഉണ്ടാക്കാൻ അറിയാത്തവർക്ക് അത് കൊള്ളില്ലെന്നു പറയാനും അവകാശമില്ല" എന്ന് പരിഹാസ രൂപേണ മാധവന്‍ കുറിച്ചത്. നേരത്തെ സംവിധായകനും നടനുമായ ജൂഡ് ആന്‍റണിയും അഞ്ജലിയെ വിമര്‍ശിച്ചിരുന്നു. താൻ സിനിമ സംവിധാനം ചെയ്യാൻ വേണ്ടി പോലും സിനിമ കോഴ്സ് പഠിച്ചിട്ടില്ല എന്നായിരുന്നു ജൂഡിന്‍റെ കുറിപ്പ്.

തന്‍റെ പുതിയ ചിത്രമായ വണ്ടര്‍ വുമണിന്‍റെ പ്രമോഷനിടെയായിരുന്നു അഞ്ജലിയുടെ വിവാദപ്രസ്താവന. 'എങ്ങനെയാണ് ഒരു സിനിമ ഉണ്ടാകുന്നത് സാങ്കേതിക കാര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍.. സിനിമയ്ക്ക് ലാഗുണ്ട് എന്ന് പറയുന്നതെല്ലാം. എഡിറ്റിങ് എന്താണെന്ന് കുറച്ചെങ്കിലും അറിഞ്ഞിരിക്കണം. ഇങ്ങനെത്തെ കമന്‍റ് പറയുമ്പോള്‍ ഒരു സിനിമയുടെ പേസ് എന്താണെന്ന് ഒരു സംവിധായകന്‍ തീരുമാനിച്ചിട്ടുണ്ടാകുമല്ലോ. ഇതായിരിക്കണം എന്റെ കഥ, ഒരു ബന്ധവുമില്ലാത്ത രണ്ട് സിനിമകള്‍ തമ്മില്‍ താരതമ്യം ചെയ്‌തൊക്കെ ഇവര്‍ സംസാരിക്കും. പക്ഷേ, ഇത് അങ്ങനെ ചെയ്യാന്‍ പറ്റുന്നതല്ല. എങ്ങനെയാണ് ഒരു സിനിമ നറേറ്റ് ചെയ്യപ്പെടുന്നതെന്ന് മനസിലാക്കണം.

എന്താണ് ഒരു സിനിമയിലുള്ളത്. ഇതിലെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വളരെ സ്വാഗതാര്‍ഹമാണ്. നിരൂപണം വായിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അത് വളരെ പ്രാധാന്യമുള്ളതും നല്ലതുമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ചലച്ചിത്ര നിരൂപണം ഞങ്ങള്‍ക്കൊക്കെ പഠിക്കാനുണ്ടായിരുന്ന ഒരു വിഷയമായിരുന്നു. സിനിമ എന്ന മാധ്യമത്തെ മനസിലാക്കേണ്ടത് സുപ്രധാനമാണ്. റിവ്യൂ ചെയ്യുന്നവര്‍ കുറച്ച് കൂടി സിനിമയെന്ന മാധ്യമത്തെ മനസിലാക്കി സംസാരിക്കുകയാണെങ്കില്‍ അത് എല്ലാവര്‍ക്കും ഗുണം ചെയ്യും. അത്തരത്തിലുള്ള ഒരു വിദ്യാഭ്യാസം വളരെ പ്രധാനമാണ്'- എന്നാണ് അഞ്ജലി മേനോന്‍ പറഞ്ഞത്. സംഭവം വിവാദമായപ്പോള്‍ തന്‍റെ പരാമര്‍ശം സാധാരണ പ്രേക്ഷകരെക്കുറിച്ചല്ലെന്നും ചലച്ചിത്ര നിരൂപണം തൊഴിലായി കൊണ്ടുനടക്കുന്നവരെക്കുറിച്ചാണെന്നും അഞ്ജലി പിന്നീട് വ്യക്തമാക്കി.

Similar Posts