ദിലീപ് എന്ന നടനെ ഇഷ്ടമാണ്, പക്ഷേ ദിലീപെന്ന വ്യക്തിയെ അറിയില്ല; മാപ്പു പറഞ്ഞ് ഒമര്‍ ലുലു
|ഞാന്‍ ഇട്ട പോസ്റ്റിനും കമന്‍റിനും ഞാന്‍ പോലും പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള വ്യാഖ്യാനങ്ങൾ ആണ് നടക്കുന്നത്
ദിലീപ് എന്ന നടനെ ഇഷ്ടമാണ് ഡേറ്റ് കിട്ടിയാല്‍ സിനിമ ചെയ്യുമെന്ന വിവാദ പോസ്റ്റില്‍ മാപ്പ് പറഞ്ഞ് സംവിധായകന്‍ ഒമര്‍ ലുലു. ദിലീപ് എന്ന നടനെ ഇഷ്ടമാണെന്നും എന്നാല്‍ ദിലീപ് എന്ന വ്യക്തിയെ അറിയില്ലെന്നും സംവിധായകന്‍ കുറിച്ചു. ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണെന്നും അയാളുടെ ഡേറ്റ് കിട്ടിയാല്‍ തീര്‍ച്ചയായും താന്‍ സിനിമ ചെയ്യും.അയാള്‍ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും ഇല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കുമെന്നായിരുന്നു ഒമറിന്‍റെ കുറിപ്പ്. പോസ്റ്റ് വലിയ വിവാദമുണ്ടാക്കിയിരുന്നു. ഇപ്പോള്‍ കുറിപ്പ് പിന്‍വലിച്ചിട്ടുണ്ട്.
ഒമര്‍ ലുലുവിന്‍റെ കുറിപ്പ്
ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റിനും കമന്‍റിനും ഞാന്‍ പോലും പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള വ്യാഖ്യാനങ്ങൾ ആണ് നടക്കുന്നത്.
1)ദിലീപ് എന്ന നടനെ ഇഷ്ടമാണ് (വ്യക്തി എന്ന് ഞാന്‍ പറഞ്ഞട്ടില്ലാ ദിലീപ് എന്ന വ്യക്തിയെ എനിക്ക് അറിയില്ല)
2)ഒരിക്കലും നടന്നു എന്ന് പറയുന്ന കാര്യത്തെ നിസ്സാരവൽക്കരിച്ചിട്ട് ഇല്ലാ. മനുഷ്യൻ അല്ലേ തെറ്റ് പറ്റാം. തെറ്റ് വലുതായാലും ചെറുതായാലും തെറ്റ് തെറ്റ് തന്നെ അതുകൊണ്ട് 'സത്യം ജയിക്കട്ടെ'.
3) കമന്‍റില്‍ ക്ലിപ്പ് കാണില്ലേ എന്ന് ഞാന്‍ ചോദിച്ചത് ക്ലിപ്പ് തപ്പി പോകുന്ന മലയാളിയുടെ സദാചാര ബോധത്തിന് എതിരെയാണ്.
നമ്മുടെ വേണ്ടപ്പെട്ടവർ വേദനിക്കുന്ന ദൃശ്യം നമ്മൾ കാണാൻ നിൽക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ഹൃദയത്തിൽ തട്ടി മാപ്പ്. #സത്യംജയിക്കട്ടെ.
ഒമര്‍ ലുലുവിന്‍റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റ്
ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡേറ്റ് കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ സിനിമ ചെയ്യും.അയാള്‍ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും ഇല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യന്‍മാര്‍ അല്ലേ തെറ്റ് സംഭവിക്കാന്‍ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ അറിയു അതുകൊണ്ട് "സത്യം ജയിക്കട്ടെ".
പോസ്റ്റ് പിന്‍വലിച്ചെങ്കിലും കമന്‍റുകള്‍ക്ക് ഒമര്‍ നല്‍കിയ മറുപടികളുടെ സ്ക്രീന്‍ ഷോട്ടുകള്‍ വൈറലാകുന്നുണ്ട്. "എന്‍റെ വീട്ടിലെ ആര്‍ക്കെങ്കിലും ഇങ്ങനെ സംഭവിച്ചാല്‍ എന്ന് ചോദിച്ച എത്ര പേര്‍ ഈ പറഞ്ഞ ക്ലിപ്പ് വന്നാല്‍ കാണാതെ ഇരിക്കും? സത്യസന്ധമായ മറുപടി പ്രതീക്ഷിക്കുന്നു" എന്നാണ് ഒമര്‍ വിമര്‍ശന കമന്‍റുകള്‍ക്ക് നല്‍കിയ ഒരു മറുപടി.
''ഗോവിന്ദചാമി എന്ന മനുഷ്യനെ ആദ്യമായി ഞാന്‍ കാണുന്നത് ആ പീഡനക്കേസില്‍ ആണ്. ദിലീപ് എന്ന നടനെ ഞാന്‍ ചെറുപ്പം മുതലേ ഇഷ്ടപ്പെട്ടിരുന്നു എന്നെ സ്‌കൂള്‍ കാലഘട്ടം മുതല്‍ ഒരുപാട് ഇന്‍സ്പൈര്‍ ചെയ്ത വ്യക്തിയാണ് ദിലീപ്. പഞ്ചാബി ഹൗസ് എന്ന സിനിമ ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ ഇപ്പോഴും എന്റെ ഫാവറൈറ്റ് ആണ്. അതുകൊണ്ട് ഗോവിന്ദചാമിയേ വെച്ച് ദിലീപിനെ ചെക്ക് വെക്കുന്ന രീതി മണ്ടന്‍മാരുടെ അടുത്താ കൊണ്ട് പോയി വേവിക്കുക ഇവിടെ വേണ്ടാ" എന്നാണ് മറ്റൊരു മറുപടി.