റിലീസിന് മുന്നേ പഠാൻ ഓൺലൈനിൽ
|റിലീസിന് മുന്നോടിയായി പുറത്തുവിട്ട ചിത്രത്തിലെ ഗാനത്തിനെതിരെ സംഘപരിവാർ പ്രവർത്തകർ രംഗത്തെത്തിയിരുന്നു
മുംബൈ: സംഘപരിവാർ ബഹിഷ്കരണത്തിലൂടെ വാർത്തകളിൽ ഇടംപിടിച്ച ഷാരൂഖ് ഖാൻ ചിത്രം 'പഠാൻ' റിലീസിന് മുൻപ് ചോർന്നു. ഫിലിംസില, Filmy4wap എന്നീ രണ്ട് വെബ്‌സൈറ്റുകളിൽ ചിത്രം ഇതിനകം ലഭ്യമാണെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
റിലീസിന് മുന്നോടിയായി പുറത്തുവിട്ട ചിത്രത്തിലെ ഗാനത്തിനെതിരെ സംഘപരിവാർ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഗാനത്തിൽ ദീപിക ധരിച്ച ബിക്കിനിയുടെ നിറം കാവിയായതിനാൽ സിനിമ നിരോധിക്കണമെന്നായിരുന്നു സംഘപരിവാർ പ്രവർത്തകരുടെ ആവശ്യം. ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനങ്ങളും സംഘപരിവാർ പ്രൊഫൈലുകളിൽ നിന്നും ഉയർന്നിരുന്നു.
എന്നാൽ ചിത്രത്തിനെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കുകയാണെന്ന് വിശ്വ ഹിന്ദ് പരിഷത്ത് ഗുജറാത്ത് യൂണിറ്റ് അറിയിച്ചിരുന്നു. സിനിമയിൽ നിന്ന് എതിർപ്പുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായി അറിഞ്ഞു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) ചിത്രത്തിലെ അശ്ലീല ഗാനവും അശ്ലീല പദങ്ങളും പരിഷ്‌കരിച്ചത്‌കൊണ്ട് ചിത്രത്തിന്റെ റിലീസിനെതിരെ പ്രതിഷേധിക്കില്ലെന്നും ഗുജറാത്ത് വിഎച്ച്പി സെക്രട്ടറി അശോക് റാവൽ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇത് ഹിന്ദു സമൂഹത്തിന്റെ വിജയമാണെന്നുമായിരുന്നു അദ്ദേഹം അവകാശപ്പെട്ടത്.
സിനിമയിലെ 'ബേഷാരം രംഗ്' എന്ന ഗാനത്തിലെ ചില വരികൾ ഉൾപ്പടെ 10ലധികം മാറ്റങ്ങൾ സിബിഎഫ്‌സി സിനിമയുടെ അണിയറപ്രവർത്തകരോട് നിർദേശിച്ചിരുന്നു. പക്ഷേ ദീപികയുടെ ഏറെ വിവാദമായ ഓറഞ്ച് വസ്ത്രം പഠാൻ സിനിമയുടെ ഭാഗമായി തുടരുമെന്ന് സിബിഎഫ്സി അറിയിച്ചു.
തിയറ്ററുകൾക്ക് പോലീസ് സംരക്ഷണം ഗുജറാത്ത് സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഗുജറാത്തിൽ സിനിമയുടെ റിലീസ് തടയുമെന്ന് സംഘപരിവാർ സംഘടനകൾ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ അതിക്രമിച്ച് കയറി സിനിമയുടെ പോസ്റ്ററുകൾ വലിച്ചുകീറി കലാപമുണ്ടാക്കിയതിന് അഞ്ച് വിഎച്ച്പി പ്രവർത്തകരെ സൂറത്തിൽ അറസ്റ്റ് ചെയ്തതായും വാർത്തകൾ വന്നിരുന്നു.
മധ്യപ്രദേശിലെ രത്ലാമിൽ ബജ്റംഗ്‍ദളിലെയും ഹിന്ദു ജാഗരൺ മഞ്ചിലെയും അംഗങ്ങൾ പഠാൻ സിനിമയ്‌ക്കെതിരെ പ്രതിഷേധം തുടരുകയാണ്. പഠാൻ സിനിമയെ എതിർക്കാൻ തന്നെയാണ് സംഘടകളുടെ തീരുമാനം. മധ്യപ്രദേശിലെ ഷാജാപൂരിൽ വിഎച്ച്പിയും ബജ്റംഗ്‍ദളും ആദ്യം സിനിമ കാണുമെന്നും അതിനുശേഷം മാത്രമേ പൊതുജനങ്ങളെ കാണാൻ അനുവദിക്കൂ എന്നും റിപ്പോർട്ടുകളുണ്ട്.
ഉത്തർപ്രദേശിലെ ആഗ്രയിൽ അഖില ഭാരത ഹിന്ദു മഹാസഭ ചിത്രത്തിനെതിരെ രംഗത്തുണ്ട്. ഒരു തീയറ്ററിലും സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. അതേസമയം പഠാന്‍ റെക്കോർഡ് ബുക്കിങ് നേടിയിരുന്നു. ചിത്രം ഇന്ത്യയിൽ മാത്രം 5,000 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്.