തിയേറ്ററിൽ ചിരിപടർത്താൻ 'ഒരു ഭാരത സർക്കാർ ഉത്പന്നം'; റിലീസ് തീയതി പ്രഖ്യാപിച്ചു
|മലയാളത്തിൽ ആദ്യമായി പുരുഷവന്ധ്യംകരണം പ്രമേയമാകുന്ന ചിത്രത്തിന്റെ ട്രെയിലറും നേരത്തെ ശ്രദ്ധനേടിയിരുന്നു.
പുരുഷവന്ധ്യംകരണം പ്രമേയമാക്കി സുബീഷ് സുധി, ഷെല്ലി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ഒരു ഭാരത സർക്കാർ ഉത്പന്നം' എന്ന ചിത്രം മാർച്ച് എട്ടിന് തിയേറ്ററുകളിലെത്തും. താരങ്ങളായ സുബീഷ് സുധിയും ഗൗരി ജി.കിഷനും ചേർന്ന് ഫിയോക്ക് ആഹ്വാനം ചെയ്ത സിനിമാസമരത്തിനിടയിൽ റിലീസ് ചെയ്താൽ എന്താകുമെന്ന ആശങ്ക പങ്കുവെക്കുന്ന വീഡിയോ പുറത്തിറക്കിയിരുന്നു. സമരം എന്തായാലും ജനങ്ങൾ ഈ പടം ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് റിലീസ് മാർച്ച് എട്ടിനാണെന്ന് വീഡിയോയിലൂടെ അറിയിച്ചത്. പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് അറിയിച്ച് ഫിയോക്ക് സമരം അവസാനിപ്പിച്ചതോടെ ഇപ്പോൾ ആ ആശങ്കകളും ഒഴിവായിരിക്കുകയാണ്.
മലയാളത്തിൽ ആദ്യമായി പുരുഷവന്ധ്യംകരണം പ്രമേയമാകുന്ന ചിത്രത്തിന്റെ ട്രെയിലറും നേരത്തെ ശ്രദ്ധ നേടിയിരുന്നു. പുരുഷവന്ധ്യംകരണത്തിനായി ആളെ കണ്ടെത്താൻ നടക്കുന്ന ആശാവർക്കർ ദിവ്യയും നാല് കുട്ടികളുടെ പിതാവായ പ്രദീപനും ദിവ്യക്കുവേണ്ടി പ്രദീപനെ വന്ധ്യംകരണത്തിന് സമ്മതിപ്പിക്കാൻ നടക്കുന്ന സുഭാഷുമെല്ലാമാണ് ട്രെയിലറിനെ രസകരമാക്കുന്നത്. പ്രദീപൻ എന്ന പെയിന്റിങ് തൊഴിലാളിയെയും ഭാര്യ ശ്യാമയെയും കേന്ദ്രീകരിച്ചാണ് സിനിമ.
സോഷ്യോ പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ സംവിധാനം ടി.വി രഞ്ജിത്തും തിരക്കഥ നിസാം റാവുത്തറുമാണ്. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.വി കൃഷ്ണൻ തുരുത്തി, രഞ്ജിത്ത് ജഗന്നാഥൻ, കെ.സി രഘുനാഥ് എന്നിവരാണ് നിർമാണം. അജു വർഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ഗൗരി ജി.കിഷൻ, ദർശന നായർ, ജോയ് മാത്യു, ലാൽ ജോസ്, വിജയ് ബാബു, ഹരീഷ് കണാരൻ, ഗോകുലൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷായാണ്. രഘുനാഥ് വർമ്മയാണ് ക്രിയേറ്റീവ് ഡയറക്ടർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ- എം.എസ് നിധിൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-നാഗരാജ്, എഡിറ്റർ- ജിതിൻ ടി കെ, ഗാനരചന- അൻവർ അലി, വൈശാഖ് സുഗുണൻ, സംഗീതം- അജ്മൽ ഹസ്ബുള്ള, പശ്ചാത്തല സംഗീതം- എ.ടീം, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, കലാസംവിധാനം- ഷാജി മുകുന്ദ്, സൗണ്ട് ഡിസൈനർ- രാമഭദ്രൻ, മിക്‌സിംഗ്-വിഷ്ണു സുജാതൻ, പ്രൊഡക്ഷൺ കൺട്രോളർ- ദീപക് പരമേശ്വരൻ എന്നിവരാണ്.