ഓസ്കര്‍ 2023: ഇന്ത്യയ്ക്ക് ഇരട്ട നേട്ടം, ഏഴ് പുരസ്കാരങ്ങള്‍ സ്വന്തമാക്കി എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്
|ബ്രെണ്ടൻ ഫ്രേസർ മികച്ച നടന്‍, മിഷേൽ വോ മികച്ച നടി
ലോസ് ആഞ്ചൽസ്: 14 വർഷത്തിനു ശേഷം ഓസ്കർ പുരസ്കാരം ഇന്ത്യയിലേക്ക്. ആർആർആറിലെ 'നാട്ടു നാട്ടു' മികച്ച ഒറിജിനൽ ഗാനമായി. ലോസ് ആഞ്ചല്‍സിലെ ഡോൾബി തിയറ്ററിൽ സംഗീത സംവിധായകൻ എം.എം കീരവാണി പുരസ്കാരം ഏറ്റുവാങ്ങി.
'ദ എലിഫെന്റ് വിസ്പറേഴ്സ്' മികച്ച ഷോർട്ട് ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം സ്വന്തമാക്കി. കാര്‍ത്തികി ഗോള്‍സാല്‍വേസാണ് സംവിധാനം. ഗുനീത് മോംഗയാണ് നിര്‍മാണം.
'എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്' മികച്ച സിനിമയ്ക്ക് ഉള്‍പ്പെടെ ഏഴ് പുരസ്കാരങ്ങള്‍ നേടി. ബ്രെണ്ടൻ ഫ്രേസർ മികച്ച നടനായും മിഷേൽ വോ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള ഓസ്കര്‍ നേടുന്ന ആദ്യ ഏഷ്യൻ വംശജയാണ് മിഷേൽ വോ.
മികച്ച ചിത്രത്തിനു പുറമെ മികച്ച സംവിധായകൻ, തിരക്കഥ, മികച്ച നടി, സഹനടി, സഹനടൻ, എഡിറ്റിങ് എന്നീ ഏഴു പുരസ്കാരങ്ങളാണ് എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് സ്വന്തമാക്കിയത്. 10 വിഭാഗങ്ങളിലായി 11 നോമിനേഷനാണ് എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സിനുണ്ടായിരുന്നത്. ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് എന്നിവരാണ് സിനിമയുടെ സംവിധായകര്‍. ഇതേ സിനിമയിലെ അഭിനയത്തിന് മിഷെല്‍ യോയ്ക്ക് മികച്ച നടിക്കുള്ള ഓസ്കര്‍ ലഭിച്ചു. കി ഹൂയ് ക്വിവാന്‍ മികച്ച സഹനടനായതും ജെയ്മി ലീ കേര്‍ടിസ് മികച്ച സഹനടിയായതും ഇതേ സിനിമയിലെ അഭിനയത്തിലൂടെയാണ്.
നവാല്‍നി ആണ് മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍. ഷോര്‍ട്ട് ഫിലിം വിഭാഗത്തിലെ പുരസ്കാരം ആന്‍ ഐറിഷ് ഗുഡ്ബൈയ്ക്കാണ്. ജെയിംസ് ഫ്രണ്ട് മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട് എന്ന സിനിമയിലെ ഛായാഗ്രഹണത്തിനാണ് പുരസ്കാരം. വസ്ത്രാലങ്കാരത്തിനുള്ള ഓസ്കര്‍ റൂത് കാര്‍ട്ടര്‍ (ബ്ലാക്ക് പാന്തര്‍) സ്വന്തമാക്കി.
ഒറിജിനൽ സ്കോർ പുരസ്കാരം വോക്കർ ബെർട്ടൽമൻ സ്വന്തമാക്കി. ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് എന്ന സിനിമയ്ക്കാണ് പുരസ്കാരം. ഇതേ സിനിമയ്ക്കാണ് പ്രൊഡക്ഷന്‍ ഡിസൈന്‍ വിഭാഗത്തിലെ പുരസ്കാരം. വിഷ്വല്‍ എഫക്ട് പുരസ്കാരം അവതാര്‍ ദ വേ ഓഫ് വാട്ടറിനാണ്.