Entertainment
2018ല്‍ ടൊവിനോ
Entertainment

ഓസ്കര്‍ ചുരുക്കപ്പട്ടികയില്‍ നിന്നും '2018' പുറത്ത്

Web Desk
|
22 Dec 2023 5:54 AM GMT

15 സിനിമകള്‍ ഉള്‍പ്പെടുന്ന രണ്ടാം ഘട്ടത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്നും ചിത്രം പുറത്തായി

തിരുവനന്തപുരം: ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രിയായ മലയാള ചിത്രം '2018' ഓസ്കര്‍ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ നിന്നും പുറത്ത്. വിദേശഭാഷ വിഭാഗത്തിലെ നാമനിര്‍ദേശത്തിനായാണ് ചിത്രം മത്സരിച്ചത്. എന്നാല്‍ 15 സിനിമകള്‍ ഉള്‍പ്പെടുന്ന രണ്ടാം ഘട്ടത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്നും ചിത്രം പുറത്തായി.

എല്ലാവരെയും നിരാശപ്പെടുത്തിയതിന് എല്ലാ അഭ്യുദയകാംക്ഷികളോട് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായി സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ് പറഞ്ഞു. എന്നിരുന്നാലും, ഈ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിക്കുന്ന ഒരു സ്വപ്നതുല്യമായ യാത്രയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ദ മങ്ക് ആന്‍ഡ് ദി ഗണ്‍(ഭൂട്ടാന്‍), ഫാളന്‍ ലീവ്സ്(ഫിന്‍ലാന്‍ഡ്), പെര്‍ഫെക്ട് ഡേയ്സ്(ജപ്പാന്‍, സൊസൈറ്റി ഓഫ് ദ സ്നോ(സ്പെയിന്‍) എന്നിവ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. 2024 മാര്‍ച്ച് 10നാണ് ഓസ്കര്‍ പ്രഖ്യാപനം.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുൻനിരതാരങ്ങളെ അണിനിരത്തി ഒരുക്കിയ 2018 മെയ് 5 നാണ് തിയറ്റർ റിലീസ് ചെയ്തത്.

‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷൻസ് ‘എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജന്‍റേതാണ് സഹതിരക്കഥ. അഖിൽ ജോർജ്ജാണ് ഛായാ​ഗ്രാഹകൻ. ചമൻ ചാക്കോ ചിത്രസംയോജനം നിർവ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം നോബിൻ പോളും സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കേരളീയർക്ക് ഒരിക്കലും മറക്കാനാവാത്ത ‘2018’ എന്ന വർഷവും ആ വർഷത്തിൽ നമ്മളെ തേടിയെത്തിയ പ്രളയമെന്ന മഹാമാരിയും പ്രേക്ഷകർക്ക് മുന്നിൽ ഒരു നേർക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളികളുടെ മനോധൈര്യത്തിന്‍റയും ആത്മവിശ്വാസത്തിന്‍റയും ഒത്തൊരുമയുടെയും കഥയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.

Similar Posts