ഇനി 42 ദിവസം കഴിഞ്ഞ് മാത്രം ഒ.ടി.ടി റിലീസ്; നിബന്ധന കര്‍ശനമാക്കാന്‍ സിനിമാ സംഘടനകള്‍
|തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ 6ന് ചേരുന്ന യോഗം വിഷയം അടിയന്തര അജണ്ടയായി ചര്‍ച്ച ചെയ്യും
മലയാള സിനിമകളുടെ ഒ.ടി.ടി റിലീസിന് നിബന്ധന കര്‍ശനമാക്കാനുള്ള നീക്കവുമായി സിനിമാ സംഘടനകള്‍. ഇനി മുതല്‍ തിയറ്ററില്‍ റിലീസ് ചെയ്തു 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിയിലോ ചാനലുകളിലോ റിലീസ് ചെയ്യാന്‍ അനുവദിക്കൂ. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ 6ന് ചേരുന്ന യോഗം ഇത് അടിയന്തര അജണ്ടയായി ചര്‍ച്ച ചെയ്യും. ഫിലിം ചേംബറിന്‍റെ ഇടപെടലും ഫിയോക്ക് ആവശ്യപ്പെടും.
42 ദിവസത്തിന് ശേഷമേ ഒ.ടി.ടി റിലീസ് ചെയ്യാവു എന്ന നിബന്ധന ഇതിനകം ഫിയോക്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വ്യക്തി ബന്ധമുപയോഗിച്ച് പ്രമുഖ നടന്മാരും നിര്‍മാതാക്കളും തിയറ്റര്‍ റിലീസ് ചെയ്ത ഉടനെ ഒ.ടി.ടിയിലും സിനിമ റിലീസ് ചെയ്യുകയാണ്. പല സിനിമകളും 14 ദിവസത്തിനകം തിയറ്ററില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇനി മുതല്‍ അത് അനുവദിക്കില്ല. 42 ദിവസ നിബന്ധന നിര്‍മാതാക്കള്‍ ഇപ്പോള്‍ തന്നെ ഒപ്പിട്ടു നല്‍കുന്നുണ്ട്. ഉടന്‍ റിലീസിനുള്ള അപേക്ഷ ഇനി മുതല്‍ ചേംബര്‍ പരിഗണിക്കില്ല. ഇതു ലംഘിക്കുന്ന നിര്‍മാതാക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. നേരത്തെയുള്ള ഒ.ടി.ടി റിലീസ് തിയറ്ററില്‍ കാണികള്‍ കുറയാനുള്ള കാരണമായി ചേംബറും ഫിയോക്കും വ്യക്തമാക്കിയിട്ടുണ്ട്.
ഹിന്ദി, തെലുഗ്, തമിഴ് സിനിമകളില്‍ ഈ നിബന്ധന കര്‍ശനമാണ്. ഹിന്ദിയില്‍ 52 ദിവസം കാലാവധി കര്‍ശനമാക്കിയതോടെ തിയറ്ററില്‍ കാണികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. നല്ല അഭിപ്രായമുള്ള സിനിമകള്‍ക്ക് പോലും മൂന്നോ നാലോ ദിവസത്തിന് ശേഷം കാണികള്‍ കുറയുന്നത് ഉടനെയുള്ള ഒ.ടി.ടി റിലീസ് കാരണമാണെന്ന് ഫിയോക്കും ചേംബറും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.