Entertainment
അയ്യങ്കാളി പടയുടെ വരവ് വൈകും; റിലീസ് തിയതിയില്‍ മാറ്റം
Entertainment

അയ്യങ്കാളി 'പട'യുടെ വരവ് വൈകും; റിലീസ് തിയതിയില്‍ മാറ്റം

ijas
|
8 March 2022 12:59 PM GMT

മെച്ചപ്പെട്ട സാങ്കേതിക അനുഭവം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് റിലീസ് മാറ്റമെന്നാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുഞ്ചാക്കോ ബോബന്‍ അറിയിച്ചത്

യഥാര്‍ത്ഥ സംഭവകഥയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പട സിനിമയുടെ തിയറ്റര്‍ റിലീസില്‍ മാറ്റം. മാര്‍ച്ച് പത്തിന് തിയറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. പുതിയ അറിയിപ്പ് പ്രകാരം മാര്‍ച്ച് പതിനൊന്നിനാകും ചിത്രം റിലീസ് ചെയ്യുക. മെച്ചപ്പെട്ട സാങ്കേതിക അനുഭവം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് റിലീസ് മാറ്റമെന്നാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുഞ്ചാക്കോ ബോബന്‍ അറിയിച്ചത്. സംവിധായകന്‍ കമല്‍ കെ.എം ഇതു സംബന്ധിച്ച അറിയിപ്പ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.

View this post on Instagram

A post shared by Kunchacko Boban (@kunchacks)

2020 മെയിലാണ് പടയുടെ ചിത്രീകരണം ആരംഭിച്ചത്. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'പട' നിര്‍മ്മിക്കുന്നത് ഇ ഫോര്‍ എന്‍ര്‍ടെയിന്‍മെന്‍റ്സാണ്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്‍റെ ഛായാഗ്രഹണം സമീര്‍ താഹിറാണ് നിര്‍വ്വഹിച്ചത്. മിന്നല്‍ മുരളിക്ക് ശേഷം സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രം കൂടിയാണ് പട. ഷാന്‍ മുഹമ്മദാണ് ചിത്ര സംയോജനം. വിഷ്ണു വിജയനാണ് സംഗീതം ഒരുക്കുന്നത്. ഗോകുല്‍ ദാസ് കലാസംവിധാനവും, അജയന്‍ അടാട്ട് ശബ്ദസംവിധാനവും നിര്‍വ്വഹിക്കുന്നു. 2012ല്‍ പുറത്തിറങ്ങി ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ഐ.ഡിക്ക് ശേഷം കമല്‍ കെ.എം ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് പട.

1996ല്‍ പാലക്കാട് കലക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കലക്ടറെ ബന്ദിയാക്കിയ സംഭവമാണ് സിനിമയുടെ പ്രമേയം. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറെ മാധ്യമശ്രദ്ധ നേടിയതും വിവാദമായതുമായ സംഭവമായിരുന്നു ഇത്.

Similar Posts