Entertainment
Pakistani Actor
Entertainment

'ആഘോഷങ്ങളുടെ ആയുസേ ആ ബന്ധത്തിനുമുണ്ടാകൂ'; അനന്ത്-രാധിക വിവാഹത്തെ പരിഹസിച്ച് പാക് നടന്‍, എന്തിനാണ് ഇത്ര അസൂയ എന്ന് നെറ്റിസണ്‍സ്

Web Desk
|
19 July 2024 5:54 AM GMT

ജൂലൈ 12നായിരുന്നു അനന്തിന്‍റെയും രാധികയുടെയും വിവാഹം

ഇസ്‍ലാമാബാദ്: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹത്തിന്‍റെ വിശേഷങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ലോകത്ത് ഇന്നോളം നടന്ന ആഡംബര വിവാഹങ്ങളെയെല്ലാം മറികടക്കുന്നതായിരുന്നു മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന കല്യാണം. വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. അതോടൊപ്പം ട്രോളുകളും നിറയുന്നുണ്ട്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് പാകിസ്താന്‍ നടന്‍ അർസലൻ നസീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകള്‍ക്കെതിരെ നെറ്റിസണ്‍സ് രംഗത്തെത്തിയിരിക്കുകയാണ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അർസലൻ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ അംബാനി വിവാഹവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത പങ്കുവയ്ക്കുകയും അംബാനി കുടുംബത്തെ പരഹസിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. ജൂലൈ 12നായിരുന്നു അനന്തിന്‍റെയും രാധികയുടെയും വിവാഹം. ഇതിന്‍റെ തുടര്‍ച്ചയായി ലണ്ടനിലും ആഘോഷം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. 'ഈ ആഘോഷങ്ങളുടെ ആയുസേ ഇരുവരുടെയും ബന്ധത്തിനും ഉണ്ടാകൂ എന്നാണ്' അർസലൻ കുറിച്ചത്. പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തു. എന്തിനാണ് ഇത്ര അസൂയ എന്നായിരുന്നു നെറ്റിസണ്‍സ് പാക് നടനോട് ചോദിച്ചത്. വിവാഹത്തിന് പണം മുടക്കിയത് താനല്ലാത്തതുകൊണ്ട് വിഷമിക്കണ്ടെന്നും ചിലര്‍ പരിഹസിച്ചു.

"എന്തൊരു മണ്ടത്തരമാണ് ഇത്? അവർ ബാല്യകാല സുഹൃത്തുക്കളാണ്, അവർ എന്നെന്നേക്കുമായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. അവര്‍ പരസ്പരം വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അവരുടെ വിവാഹം ഗംഭീരമായിരിക്കണം'' മറ്റൊരാള്‍ കുറിച്ചു.

ആട്ടവും പാട്ടും ആഡംബരവും നിറഞ്ഞ ഒരു മാന്ത്രിക ലോകം തന്നെയായിരുന്നു വിവാഹ ദിവസം ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍റര്‍. ഹോളിവുഡിലെയും ബോളിവുഡിലെയും താരങ്ങള്‍ പങ്കെടുത്ത വിവാഹം. 15ലധികം ഫോട്ടോഗ്രാഫര്‍മാരടങ്ങുന്ന ഓരോ ടീം വീതമാണ് വിവാഹത്തിന്‍റെ ഓരോ മുഹൂര്‍ത്തങ്ങളെയും ക്യാമറയില്‍ പകര്‍ത്തിയത്. അതിഥികള്‍ക്കായി വില പിടിപ്പുള്ള സമ്മാനങ്ങളും ഒരുക്കിയിരുന്നു. മനീഷ് മൽഹോത്രയുടെ നേതൃത്വത്തിലാണ് വിവാഹ വേദി പുരാതന നഗരമായ വാരണാസിക്ക് സമാനമായി മാറ്റിയത്.

Similar Posts