'ഇത് ആദ്യത്തേതല്ല, അവസാനത്തേത് ആകുകയുമില്ല'; സൈബർ ആക്രമണങ്ങളിൽ പാർവതി തിരുവോത്ത്
|"എനിക്കും മറ്റുള്ളവർക്കും ഒരിടം എപ്പോഴും ഞാൻ സൂക്ഷിക്കാറുണ്ട്. കഠിനാധ്വാനം ചെയ്ത് കൂടുതൽ മെച്ചപ്പെട്ട വ്യക്തിയായി മാറാൻ ഞാനൊരിക്കലും ലജ്ജിക്കാറില്ല"
മീ ടൂ ആരോപണ വിധേയനായ റാപ്പർ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്തതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. തനിക്കെതിരെ ആദ്യമായല്ല ഇത്തരത്തിൽ ആക്രമണം നടക്കുന്നത് എന്നും ഇത് അവസാനത്തേതാണ് എന്നു കരുതുന്നില്ലെന്നും നടി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
തന്നെ പോലെ മറ്റുള്ളവർക്കും ഒരിടം എപ്പോഴും താൻ സൂക്ഷിക്കാറുണ്ടെന്നും കഠിനാധ്വാനം ചെയ്ത് കൂടുതൽ മെച്ചപ്പെട്ട വ്യക്തിയായി മാറാൻ താനൊരിക്കലും ലജ്ജിക്കാറില്ലെന്നും പാർവതി പറയുന്നു. നേരത്തെ, പോസ്റ്റ് ലൈക്ക് ചെയ്ത നടപടിയിൽ വിശദീകരണവുമായി പാർവതി രംഗത്തെത്തിയിരുന്നു. അതിജീവിച്ചവരോട് ആത്മാർത്ഥമായി മാപ്പ് അപേക്ഷിക്കുയാണ് എന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷവും നടിക്കെതിരെ സൈബർ ഇടങ്ങളിൽ ആക്രമണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അവരുടെ പ്രതികരണം.
'ഇത് ആദ്യത്തേത് അല്ല, അവസാനത്തേത് ആകുകയുമില്ല. എന്നോടുള്ള നിങ്ങളുടെ കടുത്ത വിദ്വേഷവും പൊതുവിടത്തിൽ എന്നെ വേർപെടുത്തിയതിലുള്ള സന്തോഷവും ഞാൻ ആരാണെന്നു കാണിക്കുന്നതിനേക്കാൾ നിങ്ങളുടെ പ്രശ്‌നങ്ങളെയാണ് തുറന്നുകാണിക്കുന്നത്. നമുക്ക് ഒന്നിനോടും യോജിക്കേണ്ടതില്ല, എന്നാൽ സംവാദത്തിനും സംഭാഷണത്തിനും മാന്യമായ ഇടം നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ സംസ്‌കാരത്തെ റദ്ദു ചെയ്യുന്നതിനോട് ചേർന്നുനിൽക്കുകയാണ്.'
'ഇപ്പോൾ അതിനുവേണ്ടിയല്ല ഞാൻ ഇവിടെ വന്നിരിക്കുന്നത്. എനിക്കും മറ്റുള്ളവർക്കും ഒരിടം എപ്പോഴും ഞാൻ സൂക്ഷിക്കാറുണ്ട്. കഠിനാധ്വാനം ചെയ്ത് കൂടുതൽ മെച്ചപ്പെട്ട വ്യക്തിയായി മാറാൻ ഞാനൊരിക്കലും ലജ്ജിക്കാറില്ല. എന്നാൽ നിങ്ങൾ നിങ്ങളുടെ ധാരണകളും വിശകലനങ്ങളും വച്ച് മറ്റൊരാളെ കീറി മുറിച്ച് യാത്ര ചെയ്യുമ്പോൾ ഒന്നോർക്കുക, വീഴുന്നത് നിങ്ങൾ തന്നെയായിരിക്കും' - പാർവതി കുറിച്ചു.