'ആർക്കറിയാം' മെയ് 19 മുതൽ ഒ.ടി.ടി സ്ട്രീമിംഗിന്
|ബിജു മേനോൻ അവതരിപ്പിച്ച ഇട്ടിയവറയുടെ മേക്ക് ഓവറും, പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ അവതരിപ്പിച്ച ഷേർലി, റോയ് എന്നീ കഥാപാത്രങ്ങളുടെ ശ്രദ്ധേയമായ അഭിനയ തികവും പ്രേക്ഷക പ്രീതി നേടിയിരുന്നു
ബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ അഭിനയിച്ചു സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത ചിത്രം 'അർക്കറിയാം' മെയ് 19 മുതൽ ഒടിടി പ്ലാറ്റ്ഫോമുകളായ ആമസോൺ പ്രൈം, നി-സ്ട്രീം, കേവ്, റൂട്സ്, ഫിലിമി, ഫസ്റ്റ് ഷോസ് എന്നിവയിൽ സ്ട്രീമിങ്ങിനു ഒരുങ്ങുന്നു. ഏപ്രിൽ ഒന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ഈ ചിത്രം നിരൂപക ശ്രദ്ധ ആകർഷിച്ചിരുന്നു.
ബിജു മേനോൻ അവതരിപ്പിച്ച ഇട്ടിയവറയുടെ മേക്ക് ഓവറും, പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ അവതരിപ്പിച്ച ഷേർലി, റോയ് എന്നീ കഥാപാത്രങ്ങളുടെ ശ്രദ്ധേയമായ അഭിനയ തികവും പ്രേക്ഷക പ്രീതി നേടിയിരുന്നു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ സിനിമ സജ്ജീകരിച്ചിരിക്കുന്നത്. മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെയും, ഒ പി എം ഡ്രീം മിൽ സിനിമാസിന്റെയും ബാനറിൽ സന്തോഷ് ടി കുരുവിളയും, ആഷിഖ് അബുവുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറിനും, ടീസറുകൾക്കും, 'ചിരമഭയമീ', ദൂരെ മാറി എന്ന് തുടങ്ങുന്ന പാട്ടുകൾക്കും മികച്ച പ്രതികരണം ആണ് ലഭിച്ചത്.
മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തനായ സംഗീതജ്ഞൻ സഞ്ജയ് ദിവേച്ഛയാണ്. നേഹ നായരും, യക്സാൻ ഗ്യാരി പെരേരയും ആണ് ആർക്കറിയാമിന്റെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറാകുന്ന ആർക്കറിയാമിന്റെ ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുൺ സി തമ്പിയും സന്ദീപ രക്ഷിതും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആയ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കൺട്രോളർ. പരസ്യകല ഓൾഡ് മങ്ക്സ്.