'പഠാനിലെ ഗാനരംഗത്തിൽ ദീപിക കാവിയുടുപ്പ് ധരിച്ചതെന്തിന് ?' സംവിധായകൻ പറയുന്നു...
|വിവാദങ്ങളെല്ലാം അനാവശ്യമാണെന്നാണ് തോന്നിയതെന്നും തെല്ലും ഭയം തോന്നിയിട്ടില്ലെന്നും സിദ്ധാർഥ്
റിലീസിന് മുമ്പേ വാർത്തകളിലിടം പിടിച്ച ബോളിവുഡ് ചിത്രമാണ് പഠാൻ. ചിത്ത്രിലെ ഗാനരംഗത്തിൽ ദീപികാ പദുക്കോൺ ധരിച്ച വസ്ത്രം വിവാദങ്ങളുടെ നീണ്ട നിരയ്ക്കാണ് തിരി കൊളുത്തിയത്.
'ബേശരം രംഗ്' എന്ന ഗാനത്തിൽ ദീപികയുടെ ധരിച്ച ഓറഞ്ച് നിറത്തിലുള്ള ബിക്കിനിയായിരുന്നു വിവാദങ്ങൾക്കാധാരം. വസ്ത്രം ഹിന്ദു ധർമത്തിനെതിരാണെന്ന് ആരോപിച്ച് സിനിമയ്ക്കും നായകനായ ഷാരൂഖിനും ദീപികയ്ക്കുമെതിരെ സംഘപരിവാർ സംഘടനകളും ബിജെപിയും വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പലയിടങ്ങളിലും താരങ്ങളുടെ കോലം കത്തിക്കുന്ന സ്ഥിതി വരെയുണ്ടായി. ബിജെപി അനുയായി സഞ്ജയ് തിവാരിയുടെ പരാതിയിൽ മുംബൈ പൊലീസ് ചിത്രത്തിനെതിരെ കേസും രജിസ്റ്റർ ചെയ്തു.
ഇപ്പോഴിതാ ചിത്രം റിലീസായി മാസങ്ങൾക്ക് ശേഷം വിവാദങ്ങൾക്ക് മറുപടി പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ സിദ്ധാർഥ് ആനന്ദ്. ഗാനരംഗത്തിൽ ദീപികയുടെ വസ്ത്രത്തിന് ഓറഞ്ച് നിറം തിരഞ്ഞെടുത്തതിന് പിന്നിൽ നിറത്തിന്റെ ഭംഗി മാത്രമായിരുന്നു എന്നാണ് സിദ്ധാർഥ് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. "ആ നിറം പാട്ടിന് വളരെ യോജിക്കുന്നു എന്ന തോന്നലാണ് നിറം തിരഞ്ഞെടുക്കാനുള്ള ഏക കാരണം. നല്ല പച്ചപ്പും തെളിഞ്ഞ ആകാശവുമൊക്കെയാണ് പാട്ടിലുള്ളത്. അതിനൊപ്പം ഓറഞ്ച് നിറം നന്നായി ചേർന്നു പോകുമെന്ന് തോന്നി. അതല്ലാതെ നിറം തിരഞ്ഞെടുക്കാൻ മറ്റ് കാരണങ്ങളില്ല". സിദ്ധാർഥ് പറഞ്ഞു.
പഠാന്റെ പേരിലുണ്ടായ വിവാദങ്ങളെല്ലാം അനാവശ്യമാണെന്നാണ് തോന്നിയതെന്നും തെല്ലും ഭയം തോന്നിയിട്ടില്ലെന്നും കൂട്ടിച്ചേർത്ത സിദ്ധാർഥ് ഒരു ചിത്രം ബഹിഷ്‌കരിക്കാൻ എളുപ്പമാണെന്നും എന്നാൽ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ കഷ്ടപ്പാടിനെക്കുറിച്ച് ആരും ഓർക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
"പഠാന്റെ റിലീസിന് മുമ്പായിരുന്നു വിവാദങ്ങളെല്ലാം. എന്നാൽ ചിത്രത്തിന്റെ റിലീസ് ദിവസവും തുടർന്നങ്ങോട്ടും തിയേറ്ററുകൾ നിറഞ്ഞൊഴുകി. ഒരു ചിത്രം ബഹിഷ്‌കരിക്കാൻ വളരെ എളുപ്പമാണ്. എന്നാൽ ആ ചിത്രമുണ്ടാവാൻ അഹോരാത്രം പ്രയത്‌നിക്കുന്ന എത്ര പേരുണ്ട്. ദിവസേന മുന്നൂറോളം പേർ അണിയറയിൽ ജോലി ചെയ്തിട്ടാണ് ഓരോ ചിത്രവുമുണ്ടാവുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്കായി ഒരു ടീം വേറെയും. ബഹിഷകരണത്തിനാഹ്വാനം ചെയ്യുന്നവർ ഇതിനെക്കുറിച്ച് ഓർക്കുകയേ ചെയ്യാറില്ല എന്നാണ് മനസ്സിലായിട്ടുള്ളത്". സിദ്ധാർഥ് പറഞ്ഞു.
ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ ആഗോള തലത്തിൽ 1000 കോടി കലക്ഷൻ നേടി. 225 കോടിയായിരുന്നു ചിത്രത്തിന്റെ മുതൽമുടക്ക്