കാവി ബിക്കിനിക്ക് 'കട്ടി'ല്ല; 'പഠാന്' സെൻസർ ബോർഡിന്റെ പ്രദര്ശനാനുമതി
|മറ്റു ചില രംഗങ്ങളിലും വാചകങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്
മുംബൈ: ഷാറൂഖ് ഖാനും ദീപിക പദുക്കോണും മുഖ്യവേഷത്തിൽ എത്തുന്ന 'പഠാൻ' സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി. ഏറെ കോളിളക്കം സൃഷ്ടിച്ച കാവിവസ്ത്ര രംഗത്തിൽ മാറ്റമില്ലാതെയാണ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. അതേസമയം, മറ്റു ചില രംഗങ്ങളിലും വാചകങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു.
നാലു വർഷത്തെ ഇടവേളയ്ക്കുശേഷം ഷാറൂഖ് ഖാൻ മുഖ്യവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയ്ക്ക് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് 'പഠാനു' വേണ്ടി കാത്തിരിക്കുന്നത്. എന്നാൽ, ചിത്രത്തിലെ 'ബേ ഷറം രംഗ്' എന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് വിവാദങ്ങൾക്കു തുടക്കം കുറിച്ചത്. ഗാനരംഗത്ത് ദീപിക ഉടുത്ത കാവി നിറത്തിലുള്ള ബിക്കിനി ചൂണ്ടിക്കാട്ടിയായിരുന്നു ഹിന്ദുത്വ സംഘങ്ങളുടെ പ്രതിഷേധം. ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നതാണ് രംഗമെന്നായിരുന്നു പരാതി.
വിവാദങ്ങൾക്കു പിന്നാലെ ഷാറൂഖ് ഖാനും ദീപികയ്ക്കും എതിരെ വലിയ തോതിൽ സൈബർ ആക്രമണം തുടരുകയാണ്. ചിത്രം ബഹിഷ്ക്കരിക്കാൻ ആഹ്വാനവും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അഹ്മദാബാദിൽ നടന്ന 'പഠാൻ' പ്രമോഷൻ പരിപാടി ബജ്റങ്ദൾ പ്രവർത്തകർ കൈയേറിയിരുന്നു. ഒരു മാളിൽ നടന്ന പരിപാടിയിലേക്ക് പ്രകടനമായെത്തിയ സംഘം ചിത്രത്തിന്റെ പോസ്റ്ററുകൾ നശിപ്പിക്കുകയും പരസ്യബോർഡുകൾ തകർക്കുകയും ചെയ്തു.
ജനുവരി 25നാണ് 'പഠാൻ' തിയേറ്ററുകളിലെത്തുന്നത്. റിലീസിന് മുൻപേ ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഒ.ടി.ടി വിതരണാവകാശത്തിലൂടെയാണ് ഈ നേട്ടം. ആമസോൺ പ്രൈമാണ് 'പഠാന്റെ' ഒ.ടി.ടി അവകാശം സ്വന്തമാക്കിയത്. 250 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. സിദ്ധാർത്ഥ് ആനന്ദാണ് സിനിമ സംവിധാനം ചെയ്തത്.
Summary: Shah Rukh Khan and Deepika Padukone starrer 'Pathaan' cleared by Censor Board