കോടികളുടെ കിലുക്കവുമായി പഠാന്‍ ഒടിടിയിലേക്ക്; മാര്‍ച്ച് 22 മുതല്‍ ആമസോണ്‍ പ്രൈമില്‍
|ഏറെ വിവാദങ്ങള്‍ക്കു ശേഷം ജനുവരി 25 ന് തിയറ്ററുകളിലെത്തിയ ചിത്രം 1000 കോടി ക്ലബിലെത്തിയിരുന്നു
മുംബൈ: കോടികളുടെ തിളക്കവുമായി ഷാരൂഖ് ഖാന്‍ ചിത്രം 'പഠാന്‍' ഒടിടിയിലേക്ക്. ചിത്രം മാര്‍ച്ച് 22 മുതല്‍ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് കാണാം.100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോൺ പ്രൈം പഠാന്‍റെ ഒ.ടി.ടി വിതരണാവകാശത്തിനായി നൽകിയത്.
''മാർച്ച് 22 ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ വരുന്നു," സ്ട്രീമർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.നീക്കം ചെയ്ത നിരവധി രംഗങ്ങള്‍ പഠാന്‍റെ ഒടിടി പതിപ്പിലുണ്ടാകുമെന്ന് സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് അടുത്തിടെ ഒരു അഭിമുഖത്തിൽ സൂചന നൽകിയിരുന്നു. പഠാന്‍റെ കുടുംബത്തെക്കുറിച്ചും എങ്ങനെയാണ് റോ ഏജന്‍റായി മാറിയത് എന്നതിനെക്കുറിച്ചും ഒടിടി പതിപ്പിലുണ്ടാകും. ഏറെ വിവാദങ്ങള്‍ക്കു ശേഷം ജനുവരി 25 ന് തിയറ്ററുകളിലെത്തിയ ചിത്രം 1000 കോടി ക്ലബിലെത്തിയിരുന്നു. 250 കോടിയായിരുന്നു ബഡ്ജറ്റ്.
റിലീസിന് മുമ്പേ തന്നെ വിവാദങ്ങളിൽ കുടുങ്ങിയ ചിത്രമായിരുന്നു പഠാൻ. ഗാനരംഗത്ത് ദീപിക പദുക്കോൺ കാവിനിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ തുടർന്നാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് സിനിമ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയടക്കമുള്ള നിരവധി സംഘടനകൾ രംഗത്തെത്തിയിരുന്നു. സിനിമ റിലീസ് ചെയ്ത ജനുവരി 25 നും വിവിധ ഭാഗങ്ങളിൽ ചില സിനിമാ തിയേറ്ററുകൾ നശിപ്പിച്ചിരുന്നു.