ബഹിഷ്‌കരണാഹ്വാനങ്ങളിൽ പതറിയില്ല; ബോക്‌സോഫീസ് തൂഫാനാക്കി 'പഠാൻ' നേടിയത് 901 കോടി
|ആദ്യദിനം മുതൽ തന്നെ ബോക്‌സ് ഓഫീസിൽ മിന്നും പ്രകടനമാണ് പഠാൻ കാഴ്ചവെച്ചത്
ഷാരൂഖ്- ദീപിക പദുക്കോൺ ചിത്രം പഠാൻ റിലീസ് ചെയ്ത് 17 ദിവസം പിന്നിടുമ്പോൾ ആഗോളതലത്തിൽ നേടിയത് 901 കോടിയെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നും 558കോടി ചിത്രം നേടിയപ്പോൾ ഓവർസീസ് കളക്ഷൻ 343 കോടിയാണ്. ചിത്രത്തിന്‍റെ വിതരണക്കാരായ യാഷ് രാജ് ഫിലിംസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഈ ആഴ്ച അവസാനിക്കുന്നതിന് മുൻപ് പഠാൻ 1000 തൊടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ബഹിഷ്‌കരണാഹ്വാനങ്ങളാലും മറ്റും തളർച്ച നേരിട്ട ബോളിവുഡിന് പഠാന്റെ വിജയം പുത്തൻ ഉണർവാണ് നൽകുന്നത്. പഠാനെ വൻ വിജയമാക്കി തന്നതിന് നന്ദിയറിയിച്ച് ഷാരൂഖ് രംഗത്തെത്തിയിരുന്നു. ആദ്യദിനം മുതൽ തന്നെ ബോക്‌സ് ഓഫീസിൽ മിന്നും പ്രകടനമാണ് പഠാൻ കാഴ്ചവെച്ചത്.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് വമ്പൻ ഹിറ്റുമായി ബോളിവുഡിലേക്ക് തിരിച്ചെത്തിയത്. ബഹിഷ്‌കരണാഹ്വാനങ്ങളൊന്നും പഠാനെ പ്രതികൂലമായി ബാധിച്ചതേയില്ല. വിമർശനങ്ങൾക്ക് ഒടുവിൽ പഠാൻ തിയറ്ററുകളിലേക്ക് എത്തിയപ്പോൾ ആരാധകരും സിനിമാസ്വാദകരും തിയറ്ററുകളിലേക്ക് ഒഴുകിയെത്തി. ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സിനിമയെ സ്വീകരിച്ചത്.
യഷ് രാജ് ഫിലിംസ് നിർമിച്ച ചിത്രം സിദ്ധാർഥ് ആനന്ദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അശുതോഷ് റാണ, ഗൗതം റോഡ്,ഡിംപിൾ കപാഡിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. സൽമാൻ ഖാനും ഋതിക് റോഷനും അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും പഠാനുണ്ട്.