'പേരില്ലൂർ പ്രീമിയർ ലീഗ്' ട്രെയ്‌ലറെത്തി; ജനുവരി 5 ന് പ്രേക്ഷകരിലേക്ക്
|ഡിസ്‌നി പ്ലസ് മലയാളം ഒരുക്കുന്ന മൂന്നാമത്തെ വെബ് സീരീസാണ് പേരില്ലൂർ പ്രീമിയർ ലീഗ്
കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ് എന്നി ആദ്യ രണ്ട് വെബ് സീരിസുകൾക്ക് ശേഷം മലയാളി പ്രേക്ഷകർക്ക് പുത്തൻ കാഴ്ചാനുഭവം ഒരുക്കാൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം. 'പേരില്ലൂർ പ്രീമിയർ ലീഗ്' എന്ന ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസിന്റെ ട്രെയ്‌ലർ പുറത്ത് വന്നു. മികച്ച സാങ്കേതിക പ്രവർത്തകരും താരങ്ങളും അണിനിരന്ന ആദ്യ വെബ്‌സീരിസുകൾക്ക് ശേഷം താര സമ്പന്നമായ തങ്ങളുടെ മൂന്നാമത്തെ വെബ് സീരീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം ജനുവരി 5 2024 നു സ്ട്രീമിങ് ചെയ്യും.
ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മെഹ്തയും സി വി സാരഥിയും ചേർന്നു നിർമിച്ചു പ്രവീൺ ചന്ദ്രൻ സംവിധാനം ചെയുന്ന സീരീസിന്റെ രചന നിർവഹിച്ചിരിക്കുന്നത് ദീപു പ്രദീപാണ്. ഭവൻ ശ്രീകുമാർ എഡിറ്റിംഗും അനൂപ് വി ശൈലജയും അമീലും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. മുജീബ് മജീദ് ആണ് സംഗീത സംവിധാനം. പേര് സൂചിപ്പിക്കും പോലെ പേരില്ലൂർ എന്ന ഗ്രാമത്തിന്റെയും അവിടെയുള്ള വ്യത്യസ്തരായ ഒരു പറ്റം മനുഷ്യരുടെയും കഥയാണ് ഈ വെബ് സീരീസ് പറയുന്നത്. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ഈ വെബ് സീരീസിന്റെ ട്രൈലെർ സമൂഹ മാധ്യമങ്ങളിലൂടെ വളരെയധികം ശ്രദ്ധ നേടുകയാണ്.
നിഖിലാ വിമൽ, സണ്ണി വെയ്ൻ എന്നിവരാണ് പേരില്ലൂർ പ്രീമിയർ ലീഗിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മാളവിക എന്നൊരു കഥാപാത്രമായി ആണ് നിഖില വേഷമിടുന്നത്. അബദ്ധവശാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രസിഡന്റാവുന്ന മാളവികയെ ചുറ്റിപറ്റിയാണ് കഥയുടെ മുന്നോട്ട് പോക്ക്. വിജയരാഘവൻ, അശോകൻ, അജു വര്ഗീസ് തുടങ്ങി വലിയ ഒരു താരനിരയും ഈ വെബ് സീരിസിന്റെ ഭാഗമാകുന്നുണ്ട്.