Entertainment
kerala story

കേരള സ്റ്റോറി

Entertainment

'ദി കേരള സ്‌റ്റോറി'ക്കെതിരായ ഹരജി ഉടൻ പരിഗണിക്കണം'; ഹൈക്കോടതിയോട് സുപ്രിംകോടതി

Web Desk
|
3 May 2023 6:19 AM GMT

പ്രദർശനം നിരോധിക്കണം എന്നാണോ ആവശ്യമെന്ന് ഹരജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചോദിച്ചു

ന്യൂഡൽഹി: 'ദി കേരള സ്റ്റോറി'ക്കെതിരായ ഹരജി ഹൈക്കോടതി ഉടൻ പരിഗണിക്കണമെന്ന് സുപ്രിംകോടതിയുടെ നിർദേശം. ജംഈഅത്ത് ഉലമ ഐ ഹിന്ദാണ് സുപ്രിംകോടതിയെ സമീപിച്ചത്. നിലവിൽ കേരള സ്‌റ്റോറിയുമായി ബന്ധപ്പെട്ട ഹരജികൾ ഹൈക്കോടതിയുടെ പരിഗണയിലുണ്ട്. പ്രദർശനം നിരോധിക്കണം എന്നാണോ ആവശ്യമെന്ന് ഹരജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചോദിച്ചു.

സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജംഈഅത്ത് ഉലമ ഐ ഹിന്ദിനു വേണ്ടി അഡ്വ. നിസാം പാഷയും കഥ പൂര്‍ണമായും സാങ്കല്‍പ്പിക്കമാണെന്ന അവകാശവാദം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. വൃന്ദ ഗ്രോവറുമാണ് സുപ്രിംകോടതിയെ സമീപിച്ചത്.

കഴിഞ്ഞദിവസം സിനിമയുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കാൻ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു. തുടർന്നാണ് ചീഫ് ജസ്റ്റിസിന് മുന്നിൽ ഇന്ന് വീണ്ടും ഈ വിഷയം ഉന്നയിച്ചത്. വെള്ളിയാഴ്ച സിനിമ പ്രദർശനം ആരംഭിക്കുന്ന സാഹചര്യത്തിൽ ഹരജിയിൽ നടപടി വേണമെന്നും ഹരജിക്കാർ വാദിച്ചു. ഹരജിയിൽ വാദം കേൾക്കുന്നതിനു മുന്നോടിയായി സമാനമായ ഹരജി കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് സിനിമാ നിർമാതാക്കളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് ഹരജിയിൽ ഇടപടാൻ സുപ്രിംകോടതി വിസമ്മതിക്കുകയായിരുന്നു.

സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. നിസാം പാഷയാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ സമീപിച്ചത്. സിനിമാ വിദ്വേഷ പ്രസംഗത്തിന്റെ ഭാഗമാണെന്നാണ് ആരോപണം. 16 മില്യൺ ആളുകൾ യൂട്യൂബിൽ ഇതിനോടകം ചിത്രത്തിന്റെ ടീസർ കണ്ടു. വിദ്വേഷം നിറഞ്ഞ സിനിമയാണിതെന്ന് ടീസറിൽ നിന്ന് തന്നെ വ്യക്തമാണ്. അതുകൊണ്ട് തന്നെ എത്രയും വേഗം കോടതിയുടെ ഒരു ഇടപെടൽ ആവശ്യമാണെന്നും ഹരജിയിൽ പറയുന്നു. ചിത്രത്തിന്റെ ട്രാൻസ്‌ക്രിപ്റ്റ് കോടതി പരിശോധിക്കണമെന്ന് മുതിർന്ന അഭിഭാഷകനായ കപിൽ സിബലും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഹരജി ഉടൻ പരിഗണിക്കേണ്ട എന്നാണ് ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്. സെൻസർ ബോർഡിന്റെ അനുമതിയോടെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. പരാതിക്കാരന് ഹൈക്കോടതിയേയോ ഉത്തരവാദിത്തപ്പെട്ട മറ്റു സംവിധാനങ്ങളേയോ സമീപിച്ചുകൂടെ എന്നും പരാതിക്കാർക്ക് വിഷയത്തിൽ എങ്ങനെ നേരിട്ട് സുപ്രിംകോടതിയെ സമീപിക്കാനാവുമെന്നും കോടതി ഇന്നലെ ചോദിച്ചിരുന്നു.

അതേസമയം, 'ദി കേരള സ്റ്റോറി' യുടെ കഥാസംഗ്രഹത്തിൽ മാറ്റം വരുത്തിയിരുന്നു. 32,000 പെൺകുട്ടികളെ മതംമാറ്റി ഐഎസിൽ ചേർത്തു എന്നതിന് പകരം മൂന്ന് പെൺകുട്ടികൾ എന്നാക്കി മാറ്റി. ട്രെയ്‌ലറിന്റെ യുട്യൂബ് ഡിസ്‌ക്രിപ്ഷനിലാണ് മാറ്റം വരുത്തിയത്. ഇന്നലെയാണ് ഈ സിനിമക്ക് സെൻസർ ബോർഡ് അനുമതി നൽകിയത്.

സിനിമയ്ക്ക് എ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നല്‍കിയ സെൻസർബോർഡ് ചിത്രത്തിൽ 10 മാറ്റങ്ങൾ വരുത്തണമെന്ന് നിർദേശിച്ചു. സിനിമയിലെ ചില സംഭാഷണങ്ങൾ ഒഴിവാക്കണമെന്നാണ് എക്‌സാമിനിങ് കമ്മിറ്റിയുടെ നിർദേശം. കേരള മുൻ മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിർദേശമുണ്ട്.


Similar Posts