പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമാ രമണന്‍ അന്തരിച്ചു
|പൂങ്കാത്തവേ താൾ തിരവൈ,തെന്‍ട്രലെ എന്നെ തൊട്...തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ ഉമയുടെ ക്രഡിറ്റിലുണ്ട്
ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമാ രമണന്‍ അന്തരിച്ചു. 72 വയസായിരുന്നു. ബുധനാഴ്ച ചെന്നൈയിലായിരുന്നു അന്ത്യം. പൂങ്കാത്തവേ താൾ തിരവൈ,തെന്‍ട്രലെ എന്നെ തൊട്...തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ ഉമയുടെ ക്രഡിറ്റിലുണ്ട്.
സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ള ഉമ കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ 6000 കച്ചേരികള്‍ നടത്തിയിട്ടുണ്ട്. അതിനിടയാണ് സംഗീതജ്ഞനായ എ.വി. രമണനെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. ഭർത്താവിന് വേണ്ടി നിരവധി ഗാനങ്ങൾ ഉമ പാടിയിട്ടുണ്ടെങ്കിലും ഇളയരാജയുമായുള്ള കൂട്ടുകെട്ടാണ് ഉമയെ പ്രശസ്തിയിലേക്ക് നയിച്ചത്. 'നിഴല്‍കള്‍' എന്ന ചിത്രത്തിലെ 'പൂങ്കാത്തവേ താൾ തിരവൈ' എന്ന ഗാനമാണ് ഉമയെ ശ്രദ്ധേയയാക്കിയത്. ഇളയരാജക്ക് വേണ്ടി നൂറിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. വിദ്യാസാഗർ, മണി ശർമ്മ, ദേവ എന്നിവരുടെ സംഗീതസംവിധാനത്തിലും പാടിയിട്ടുണ്ട്. ഭൂപാളം ഇസൈക്കും,പൊന്‍ മാനെ, ആഗായ വെണ്ണിലവെ, ശ്രീ രംഗ രംഗനാഥത്തിന്‍ തുടങ്ങിയവ ഉമയുടെ ഹിറ്റ് ഗാനങ്ങളില്‍ ചിലതാണ്.
1977ൽ 'ശ്രീകൃഷ്ണ ലീല' എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ഭർത്താവ് എ.വി രമണനൊപ്പമാണ് ഈ പാട്ട് പാടിയത്. വിജയ് നായകനായ തിരുപ്പാച്ചിയിലെ 'കണ്ണും കണ്ണുംതാൻ കലണ്ടാച്ചു' എന്ന ഗാനമാണ് ഉമാ രമണൻ അവസാനമായി പാടിയത്.പത്മ സുബ്രഹ്മണ്യത്തിൻ്റെ കീഴിൽ പരിശീലനം നേടിയ ഒരു നർത്തകി കൂടിയായിരുന്നു ഉമ.