Entertainment
Kalki 2898 AD
Entertainment

പ്രഭാസിന്‍റെ 'കല്‍ക്കി' ബുക്ക് ചെയ്തവര്‍ക്ക് കിട്ടിയത് രാജശേഖറിന്‍റെ 'കല്‍ക്കി'; അഞ്ചു വര്‍ഷം മുന്‍പത്തെ ചിത്രം ഹൗസ്ഫുള്‍

Web Desk
|
25 Jun 2024 4:56 AM GMT

ഹൈദരാബാദില്‍ ബുക്കിങ് ആരംഭിച്ചത് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി തിയറ്ററുകള്‍ ഹൗസ്ഫുള്ളായി

ഹൈദരാബാദ്: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ പ്രഭാസ്, അമിതാഭ് ബച്ചന്‍‌, ദീപിക പദുക്കോണ്‍,ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, പശുപതി തുടങ്ങി വന്‍താരനിര അണിനിരക്കുന്ന ചിത്രം വ്യാഴാഴ്ചയാണ് തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്‍റെ പ്രീ-ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ ബുക്കിങ് ആരംഭിച്ചത് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി തിയറ്ററുകള്‍ ഹൗസ്ഫുള്ളായി. രണ്ട് ലക്ഷത്തോളം ടിക്കറ്റുകളാണ് ഇതിനകം വിറ്റുപോയത്. അതിനിടെ കല്‍ക്കിയുടെ ബുക്കിങ് ആരവത്തിനിടയില്‍ മറ്റൊരു കല്‍ക്കിക്ക് കൂടി അതിന്‍റെ പ്രയോജനം ലഭിച്ചു. മുതിര്‍ന്ന തെലുങ്ക് നടന്‍ രാജശേഖറിന്‍റെ 2019ല്‍ റിലീസ് ചെയ്ത ചിത്രം കല്‍ക്കിക്കാണ് പലരും അബദ്ധത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്.

ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് അമളി പറ്റിയത്. അതോടെ അഞ്ചു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ചില ഷോകള്‍ ഹൗസ്ഫുള്‍ ആവുകയായിരുന്നു.ബ്രമരംഭ കുക്കട്ട്പള്ളി എന്ന തിയറ്ററിൽ രാജശേഖറിൻ്റെ കൽക്കിയുടെ ആറ് ഷോകൾക്ക് ഹൗസ്ഫുൾ ബുക്കിംഗ് ലഭിച്ചു.നിരവധി ആരാധകരാണ് തങ്ങള്‍ക്ക് കിട്ടിയ കല്‍ക്കി ടിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയത്.

സംഭവം വൈറലായതോടെ 2019 കല്‍ക്കിയിലെ നായകനായ രാജശേഖര്‍ രംഗത്തെത്തി. ഇതുമായി തനിക്ക് ബന്ധമില്ലെന്നാണ് തമാശരൂപേണ അദ്ദേഹം എക്‌സില്‍ കുറിച്ചത്. പിന്നാലെ പ്രഭാസ്, നാഗാശ്വിന്‍, അശ്വിനിദത്ത്, വൈജയന്തി ഫിലിംസ് എന്നിവര്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു. അതേസമയം ഇതു സാങ്കേതിക തകരാര്‍ മൂലം ഉണ്ടായതാണെന്നും കല്‍ക്കിയുടെ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവര്‍ക്കും പുതിയ ചിത്രമായ കല്‍ക്കി 2898 എഡിയുടെ ടിക്കറ്റ് നല്‍കുമെന്നും ബുക്ക്‌മൈഷോ എക്‌സില്‍ കുറിച്ചു.

ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സിന് വലിയ പ്രതികരണം ലഭിച്ചിരുന്നു. ലോകപ്രശസ്തമായ സാൻ ഡിയാഗോ കോമിക് കോൺ ഇവന്റിൽ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് കൽക്കി.കമൽ ഹാസൻ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കൽക്കിക്ക് ഉണ്ട്.

Similar Posts