Entertainment
തീക്ഷ്ണമായ പ്രണയാനുഭവങ്ങളുമായി ഹൃദയങ്ങളിലേക്ക് ചേക്കേറി പ്രണയവിലാസം
Entertainment

തീക്ഷ്ണമായ പ്രണയാനുഭവങ്ങളുമായി ഹൃദയങ്ങളിലേക്ക് ചേക്കേറി 'പ്രണയവിലാസം'

Web Desk
|
1 March 2023 6:43 AM GMT

വളരെ ലളിതമായി പറഞ്ഞുപോകുന്ന കഥാഗതിയിൽ പല പല പ്രണയങ്ങള്‍ കാണിക്കുന്നുണ്ട്.

ജീവിതവഴിയിൽ ഒരിക്കലെങ്കിലും ആരോടെങ്കിലും പ്രണയം തോന്നാത്തവർ ചുരുക്കമായിരിക്കും. ആ പ്രണയം യാഥാർഥ്യമായാലും ഇല്ലെങ്കിലും മനസ്സിന്‍റെ കോണിൽ എക്കാലവും അതുണ്ടാകും. വെള്ളിത്തിരയിൽ കഴിഞ്ഞ ദിവസമെത്തിയ 'പ്രണയവിലാസം' എന്ന സിനിമ പകര്‍ന്നുതരുന്നത് തീക്ഷ്ണമായ പ്രണയാനുഭവങ്ങളുടെ കഥകളാണ്.

സൂരജ് എന്ന എംസിഎക്കാരന്‍റെ പ്രണയലോകത്തിലൂടെയാണ് സിനിമയുടെ തുടക്കം. അവനെ പൂർണമായി മനസ്സിലാക്കിയ ഒരു പ്രണയിനിയുണ്ട്. സൂരജിന്‍റെ അച്ഛൻ സർക്കാർ ഉദ്യോഗസ്ഥനാണ്, അമ്മ വീട്ടമ്മയാണ്. അച്ഛൻ യാദൃശ്ചികമായി തന്‍റെ കാമുകിയെ കണ്ടെത്തുന്നു. മകന്‍റെയും ഭർത്താവിന്‍റെയും ഇടയിൽ തന്‍റെ വീടും അയൽവീട്ടുകാരും കുടുംബശ്രീയുമൊക്കെയായി കഴിയുകയാണ് ആ അമ്മ. ഇവർക്കിടയിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളാണ് സിനിമയുടെ പ്രമേയം.


വളരെ ലളിതമായി പറഞ്ഞുപോകുന്ന കഥാഗതിയിൽ പല പല പ്രണയങ്ങള്‍ കാണിക്കുന്നുണ്ട്.അവയിൽ ചിലത് ഗൃഹാതുരമായ പഴയകാല പ്രണയകാലത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നതാണ്. പ്രണയത്തിന്‍റെ മനസ്സിൽ തറയ്ക്കുന്ന മുഹൂർത്തങ്ങളും നുറുങ്ങുതമാശകളുമായി മുന്നോട്ടുപോകുന്ന ചിത്രം പ്രേക്ഷകരുടെ മനസ്സു കീഴടക്കാൻ പോന്നതാണ്. സിനിമയുടെ ആദ്യപകുതിയിൽ സൗഹൃദവും പ്രണയവും കുടുംബവുമൊക്കെയാണെങ്കിൽ രണ്ടാംപകുതിയിൽ അച്ഛൻ-മകൻ ആത്മബന്ധവും ഒരു പ്രണയത്തിന് പുറകെയുള്ള അന്വേഷണവുമൊക്കെയാണുള്ളത്.

നവാഗതനായ നിഖിൽ മുരളിയുടെ സംവിധാനത്തിലെത്തിയിരിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, മമിത, കെ.യു.മനോജ്, ശ്രീധന്യ, മിയ ജോർജ്, ഹക്കിംഷാ, അനശ്വര രാജൻ, ശരത് സഭ തുടങ്ങി നിരവധി താരങ്ങളാണുള്ളത്. സിനിമയിൽ ഷാൻ റഹ്മാന്‍റെ സംഗീതവും പ്രേക്ഷകരുമായി സിനിമയെ കണക്ട് ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കണ്ണൂരിലെ നാട്ടുഭാഷയുടെ ലാളിത്യവും സിനിമയെ മനോഹരമാക്കുന്നുണ്ട്. ഷിനോസിന്‍റെ മനോഹരമായ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്.

ജ്യോതിഷ് എം, സുനു എ.വി എന്നിവ‍ർ ചേര്‍ന്നാണ് പ്രണയവിലാസത്തിന്‍റെ ഏറെ വേറിട്ട് നിൽക്കുന്ന കഥയൊരുക്കിയിരിക്കുന്നത്. ബിനു നെപ്പോളിയന്‍റെ എഡിറ്റിംഗും മനോഹരമായൊരു ദൃശ്യഭാഷ സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരെഴുതിയ ഗാനങ്ങളും ഷാൻ റഹ്മാന്‍റെ സംഗീതവും സിനിമയുടെ ആത്മാവ് തന്നെയാണ്. ചാവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം നിര്‍വഹിച്ചിരിക്കുന്നത്.

Similar Posts