Entertainment
Prashant Neel, Prithviraj Sukumaran
Entertainment

'ഭാവിയിൽ നിരാശപ്പെടും'; ബോളിവുഡിലെ ആ വില്ലൻ വേഷം ചെയ്യാൻ കാരണം പ്രശാന്ത് നീലെന്ന് പൃഥ്വിരാജ്

Web Desk
|
2 April 2024 2:55 PM GMT

സലാറിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനിടയിലാണ് പ്രശാന്തിനോട് 'ബഡേ മിയാന്‍ ഛോട്ടെ മിയാനെ' കുറിച്ച് സംസാരിച്ചതെന്നും പൃഥ്വിരാജ് പറയുന്നു.

ബോളിവുഡ് ചിത്രം 'ബഡേ മിയാന്‍ ഛോട്ടെ മിയാന്‍' ചെയ്യാൻ കാരണം കെ.ജി.എഫ് സംവിധായകൻ പ്രശാന്ത് നീലെന്ന് പൃഥ്വിരാജ്. ചിത്രം ചെയ്യാൻ ആദ്യം വിസമ്മതിച്ചെങ്കിലും അത് നഷ്ടപ്പെടുത്തിയാൽ ഭാവിയിൽ നിരാശപ്പെടുമെന്ന് പ്രശാന്ത് മുന്നറിയിപ്പ് നൽകിയെന്നാണ് പൃഥ്വിരാജ് പറയുന്നത്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അലി അബ്ബാസ് സഫറാണ് ചിത്രത്തിന്റെ സംവിധാനം.

"സലാറിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനിടയിലാണ് പ്രശാന്തിനോട് 'ബഡേ മിയാന്‍ ഛോട്ടെ മിയാനെ' കുറിച്ച് പറയുന്നത്. ചിത്രത്തെക്കുറിച്ച് ഞാൻ 20 മിനിറ്റോളം പ്രശാന്തിനോട് സംസാരിച്ചു. ഈ ചിത്രം ഉറപ്പായും ചെയ്യണമെന്നും നഷ്ടപ്പെടുത്തിയാൽ ഭാവിയിൽ നിരാശപ്പെടുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അത് വളരെ ശരിയായിരുന്നു"- പൃഥ്വിരാജ് പറയുന്നു.

ഡേറ്റ് പ്രശ്‌നങ്ങൾ കാരണം ചിത്രം ചെയ്യാൻ ആദ്യം വിസമ്മതിച്ചിരുന്നു. വമ്പൻ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ഡേറ്റുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒരു സംവിധായകൻ എന്ന നിലയിൽ തനിക്കറിയാം. എന്നാൽ സിനിമയുടെ കഥ വളരെയധികം ഇഷ്ടപ്പെട്ടു. സംവിധായകൻ അലി അബ്ബാസ് സഫർ തനിക്കുവേണ്ടി ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

View this post on Instagram

A post shared by Prithviraj Sukumaran (@therealprithvi)

അയ്യ, ഔറം​ഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രം പാൻ ഇന്ത്യൻ റിലീസായി ഏപ്രിൽ 10 നാണ് തിയേറ്ററുകളിലെത്തുക. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായാണ് ചിത്രം എത്തുന്നത്.

സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ്, രോണിത്ത് റോയ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. സംവിധായകൻ അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വഷു ഭഗ്നാനിയും പൂജ എന്റർടെയ്ൻമെന്റും അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിന്റെ നിർമാണം.

Similar Posts